‘മോദിയെ തുറന്ന സംവാദത്തിന് സമ്മതിപ്പിക്കൂ, ഭയപ്പെടേണ്ട’; അമിത് ഷായെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതിനായി പ്രധാനമന്ത്രിയെ സമ്മതിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് രാഹുൽ ആവശ്യപ്പെട്ടു. ഏത് വേദിയിലും ഏത് സമയത്തും സംവാദത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അമിത് ഷാജി, മോദിജിയെ ആശയക്കുഴപ്പത്തിലാക്കരുത്. എന്നോടൊപ്പം തുറന്ന സംവാദത്തിന് അദ്ദേഹത്തെ സമ്മതിപ്പിക്കൂ. ഏത് വേദിയിലും ഏത് സമയത്തും. ഭയപ്പെടേണ്ട ' രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എസ്.ഐ.ആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയാറാണെന്നും രാഹുൽ ഗാന്ധി സഭയിലെത്തി വിഷയം ഉന്നയിക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദിയെ തുറന്ന സംവാദത്തിന് സമ്മതിപ്പിക്കാൻ അമിത് ഷായോട് രാഹുൽ ആവശ്യപ്പെട്ടത്.
പാർലമെന്റിൽ ചർച്ച നടത്തുന്നതിനെക്കുറിച്ച് അമിത് ഷാ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതായി തോന്നിക്കുന്ന രണ്ട് ദൃശ്യങ്ങൾ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി വെല്ലുവിളി നടത്തിയത്. ഒന്നിൽ പാർലമെന്റിൽ എസ്.ഐ.ആർ ചർച്ച ചെയ്യാനാകില്ലെന്ന് അമിത് ഷാ പറയുമ്പോൾ മറ്റൊന്നിൽ വിഷയം സഭയിൽ ഉന്നയിച്ച് ചർച്ച നടത്താൻ രാഹുലിനെ ക്ഷണിക്കുന്നുണ്ട്.
വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ ബി.ജെ.പിയുടെ 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക' പദയാത്രയിൽ സംസാരിക്കവെയാണ് അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും പ്രധാന വിഷയങ്ങളിലുള്ള ചർച്ചകളിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ രീതിയെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ജനാധിപത്യത്തിൽ ചർച്ചകൾക്കുള്ള പരമോന്നത വേദി പാർലമെന്റാണെന്നും എന്നാൽ രാഹുൽ സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
തിങ്കളാഴ്ചയാണ് മോദിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് രാഹുൽ ആദ്യം വെല്ലുവിളിച്ചത്. ചർച്ചക്ക് പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള വേദി തെരഞ്ഞെടുക്കാമെന്നും മാധ്യമപ്രവർത്തകരുടെയും യുവാക്കളുടെയും സാന്നിധ്യത്തിൽ സംവാദം നടത്താമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
സംവാദം നിയന്ത്രിക്കാൻ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെ ആരെയും മോദിക്ക് നിർദേശിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രതിപക്ഷം രാജ്യവിരുദ്ധമാണെന്ന ആരോപണത്തിന് മറുപടി നൽകാൻ തയാറാണെന്നും വിദേശ ശക്തികളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. നിലവിൽ എസ്.ഐ.ആറിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇരുവരും പരസ്പരം സംവാദത്തിന് വെല്ലുവിളി ഉയർത്തുന്നത്.

