‘പോരാട്ടം തുടരൂ, നിങ്ങൾക്കൊപ്പമുണ്ട്, അഭിമാനം തോന്നുന്നു...’; യുവാക്കളുടെ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
text_fieldsചെന്നൈ: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യുവാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും യുവാക്കളോട് സമരം തുടരാനും രാഹുൽ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സി.ജെ.പിയുടെ പേരെടുത്ത് പറയാതെയാണ് യുവാക്കളുടെ പോരാട്ടത്തിന് രാഹുൽ പിന്തുണ പ്രഖ്യാപിച്ചത്. ഒരു ദശാബ്ദക്കാലമായി താൻ നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും ശക്തമായി എതിർത്തുപോരുകയാണെന്നും അവരുടെ രാഷ്ട്രീയ ശൈലി തനിക്ക് കൃത്യമായി അറിയാമെന്നും കൈവെള്ളയെന്ന പോലെ അവരുടെ ഉള്ളും പുറവും താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു.
രാഷ്ട്രീയ നേതാക്കളെയും പ്രതിഷേധക്കാരെയും പൊലീസിനെ കൊണ്ട് അടിച്ചമർത്താമെന്നാണ് സർക്കാർ കരുതുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. ‘മിസ്റ്റർ മോദി, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ. എല്ലാ പൊലീസുകാരെയും വിളിക്കൂ: 10,000, 20,000, 50,000 അങ്ങനെ എത്രയുമാകട്ടെ. എല്ലാ നേതാക്കളെയും യുവാക്കളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യൂ. എന്നാലും ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്ന് പ്രതിപക്ഷം പിന്മാറില്ല. ഞങ്ങൾ നിങ്ങളെ വളഞ്ഞിരിക്കുകയാണ്, ഒട്ടും പിന്നോട്ടു പോകില്ല. എന്റെ വാക്കുകൾ കുറിച്ചു വെച്ചോളൂ, ഞങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇതിനകം ഞങ്ങളുടെ കൈയിലുണ്ട്’ -രാഹുൽ കൂട്ടിച്ചേർത്തു.
നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനായി പോകുകയാണ് ഞങ്ങൾ. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം സംരക്ഷിക്കാനായി പോകുകയാണ്. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ ഇന്ത്യയോട് ചെയ്തത് ആവർത്തിക്കാൻ ഇനി ഒരിക്കലും അനുവദിക്കില്ല. ഇന്ത്യയിലെ യുവാക്കളെ കുറിച്ച് അഭിമാനം തോന്നുന്നു. പ്രതിഷേധങ്ങൾ തുടരൂ. നിങ്ങൾക്കൊപ്പമുണ്ട്. ഈ ഭരണകൂടത്തിന്‍റെയും ഭരണഘടനയെ ആക്രമിച്ചവരുടെയും പരാജയം ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധം ഡൽഹി പൊലീസ് അടിച്ചമർത്തുന്നതിനിടെയാണ് രാഹുലിന്‍റെ പ്രതികരണം. സിജെപി ആഹ്വാനം ചെയ്ത് രണ്ടാം ജന്തർ മന്തർ സമരം തടയാനായി 35,000ത്തിലധികം പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയുമാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
അതിനിടെ രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച നീലങ്കരയിലെ വിജയ്‌യുടെ വസതിയിൽ രാഹുൽ ഗാന്ധിക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും വേണ്ടിയൊരുക്കിയ ഉച്ചഭക്ഷണ വിരുന്നിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് വിരുന്നൊരുക്കിയത്. ഒക്ടോബർ ആറിന് മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതൃത്വത്തിൽ സഖ്യം വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് രാഹുലിന്‍റെ ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

