Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൽദ്വാനി ശുദ്ധീകരണ...

ഹൽദ്വാനി ശുദ്ധീകരണ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

text_fields
bookmark_border
ഹൽദ്വാനി ശുദ്ധീകരണ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്
cancel

ഹൽദ്വാനി: ഹൽദ്വാനിയിലെ ‘ശുദ്ധീകരണ യജ്ഞ’വുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്നുള്ള പരാതിയിലാണ് നടപടി.

ജവഹർ നഗർ കോളനി സ്വദേശിയായ അമിത് കുമാർ നൽകിയ പരാതിയിലാണ് ഹൽദ്വാനി സിറ്റി കോട്വാലി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അമിത് കുമാർ ശ്രീറാം സേന ധർമ്മാർഥ സേവാ ന്യാസ് സംഘടനയുടെ ഭാരവാഹിയാണ്. ആഗസ്റ്റ് 30നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ആഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെയാണ് വിവാദമായ ശുദ്ധീകരണ ചടങ്ങ് നടന്നത്. റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടർന്ന് ശുചീകരണം നടത്തിയെന്നും തുടർന്ന് ഹവൻ ഉൾപ്പെടെയുള്ള ചടങ്ങ് സംഘടിപ്പിച്ചെന്നുമാണ് സംഘാടകരുടെ വിശദീകരണം.

എന്നാൽ, ഖാർഗെ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാലാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആരോപിച്ചിരുന്നു. സംഭവത്തിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആഗസ്റ്റ് 29ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി സംഭവത്തെ അയിത്തത്തിന്റെയും ജാതിവിവേചനത്തിന്റെയും ഉദാഹരണമായി വിശേഷിപ്പിച്ചു. ശുദ്ധീകരണ ചടങ്ങ് നടത്തിയവർക്കെതിരെ എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരം ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും സംഭവത്തെ ജാതിവിവേചനവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശം വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വൈരാഗ്യം വളർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.

അതേസമയം, ശുദ്ധീകരണ ചടങ്ങിന് പിന്നിൽ ജാതീയമായ യാതൊരു ഉദ്ദേശ്യവുമില്ലെന്നും മൈതാനം വൃത്തിയാക്കി സ്ഥലത്തിന്റെ പവിത്രത പുനഃസ്ഥാപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി. ആരെയും അപമാനിക്കുകയോ ജാതീയ അധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ എഫ്.ഐ.ആറിൽ എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമത്തിലെ 3(1)(r), 3(1)(u) വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ 196-ാം വകുപ്പും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 199-ാം വകുപ്പും ചുമത്തിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIRutharakandPoliceHaldwaniRahul Gandhi
News Summary - Rahul Gandhi Faces FIR
Next Story