ദേശീയ പതാകക്കു മുന്നിൽ കുട ചൂടാതെ മഴ നനഞ്ഞ് രാഹുൽ; ‘പാകിസ്താൻ പ്രേമി’ എന്ന് ബി.ജെ.പിയുടെ ചാപ്പയടി
text_fieldsന്യൂഡൽഹി: പാർട്ടിയുടെ പുതിയ ഇന്ദിരാ ഭവനിൽ നടന്ന കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഖാർഗെ പതാക ഉയർത്തിയപ്പോൾ രാഹുൽ കുടയില്ലാതെ മഴയത്തുതന്നെ നിന്ന് അതിന് സാക്ഷ്യം വഹിച്ചു. മഴ കാരണം ഖാർഗെ പ്രസംഗം ചുരുക്കി.
‘ഞങ്ങൾ ജനാധിപത്യത്തോടും ഭരണഘടനയോടും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അത് സംരക്ഷിക്കുന്നത് തുടരും’ എന്ന് ഇന്ദിരാ ഭവനിലെ പതാക ഉയർത്തൽ ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് ‘എക്സ്’ ഹാൻഡിൽ കോൺഗ്രസ് കറുിച്ചു.
ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് രാഹുലും ഖാർഗെയും വിട്ടുനിന്നതോടെ രാഹുലിനെ ‘പാകിസ്താൻ പ്രേമി’ എന്ന് മുദ്രകുത്തി ബി.ജെ.പി രംഗത്തെത്തി. കഴിഞ്ഞ വർഷത്തെ പരിപാടിയിൽ, പ്രോട്ടോക്കോൾ ലംഘിച്ച് ഒളിമ്പ്യൻമാരുടെ പിന്നിൽ രണ്ടാം നിരയിലായിരുന്നു രാഹുലിന് ഇരിപ്പിടം നൽകിയത്.
‘ഇതൊരു ദേശീയ ആഘോഷമായിരുന്നു. പക്ഷേ ദുഃഖകരമെന്നു പറയട്ടെ രാഹുൽ ഗാന്ധി പാകിസ്താനെ സ്നേഹിക്കുന്നു. മോദി വിരോധത്താലും ദേശ-സേനാ വിരോധത്താലും!’ എന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനാവാല ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.
എന്നാൽ, കോൺഗ്രസ് പ്രസിഡന്റ് പിന്നീട് ഒരു വിഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ നീതിയുക്തമായ തെരഞ്ഞെടുപ്പുകളാണ്. ഫ്രാഞ്ചൈസി ഒരു ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹതയുള്ള ഒരു വ്യക്തിയെയും മുൻവിധിയുടെ ഫലമായി ഒഴിവാക്കരുത് എന്ന് 1949 ജൂൺ 15ന് ഭരണഘടനാ അസംബ്ലിയിൽ ഡോ. അംബേദ്കർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ ഭരണകക്ഷി അധികാരത്തിൽ തുടരാൻ അധാർമികതയുടെ ഏതു പരിധി വരെയും പോകാൻ തയ്യാറായിരിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ വെളിച്ചത്തുവരുന്നു’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ പ്രതിപക്ഷത്തിന്റെ വോട്ടുകൾ പരസ്യമായി വെട്ടിക്കുറക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ജീവിച്ചിരിക്കുന്നവരെ മരിച്ചതായി പ്രഖ്യാപിച്ചു. ആരുടെ വോട്ടുകൾ എന്ത് അടിസ്ഥാനത്തിലാണ് വെട്ടിക്കുറച്ചതെന്ന് വെളിപ്പെടുത്താൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല എന്നതിൽ നിന്നുതന്നെ അവരുടെ നിഷ്പക്ഷത മനസ്സിലാക്കാമെന്ന്’ ഖാർഗെയും പ്രതികരിച്ചു.
‘ഇത് തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പോരാട്ടമല്ല. ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് എന്നത് ഓർക്കുക. ഈ പോരാട്ടത്തിൽ പൊരുതാൻ രാഹുൽ ജി 17ന് ബിഹാറിലെ സസാറാമിൽ നിന്ന് ‘വോട്ട് അധികാർ’ യാത്ര ആരംഭിക്കുകയാണ്. ഇത് വിജയിപ്പിക്കാൻ നിങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും’ ഖാർഗെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.