‘ഇത് ക്രൂരമാണ്...’ തെരുവ് നായ്ക്കളെ പിടികൂടാനുള്ള സുപ്രീംകോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഡൽഹിയിൽനിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദേശത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ക്രൂരമായ നടപടിയെന്നാണ് അദ്ദേഹം കോടതി നിർദേശത്തെ വിശേഷിപ്പിച്ചത്.
ഡൽഹി-രാജ്യ തലസ്ഥാന മേഖലയിൽനിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദേശം പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയത്തിൽ നിന്നുള്ള പിൻനടത്തമാണ്. ഈ മിണ്ടാപ്രാണികളുടേത് തേച്ച് മായ്ച്ച് കളയേണ്ട ഒരു പ്രശ്നമല്ല. ഷെൽട്ടറുകൾ, വന്ധ്യംകരണം, വാക്സിനേഷൻ, കമ്മ്യൂണിറ്റി പരിചരണം എന്നിവയിലൂടെ തെരുവുകളെ സുരക്ഷിതമായി നിലനിർത്താൻ സാധിക്കും. ഇത് ക്രൂരവും ദീർഘവീക്ഷണമില്ലാത്തതും കരുണയില്ലാത്തതുമാണ്. പൊതു സുരക്ഷയും മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കണം -രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
The SC’s directive to remove all stray dogs from Delhi-NCR is a step back from decades of humane, science-backed policy.
— Rahul Gandhi (@RahulGandhi) August 12, 2025
These voiceless souls are not “problems” to be erased.
Shelters, sterilisation, vaccination & community care can keep streets safe - without cruelty.
Blanket…
എന്നാൽ, കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വരുന്നത്. തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും തെരുവുകൾ കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം സ്വതന്ത്രവും സുരക്ഷിതവുമായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നായ്ക്കളോടുള്ള സ്നേഹം പ്രശസ്തമാണ്. 2017 ൽ ഒരു ട്വീറ്റിലൂടെ അദ്ദേഹം തന്‍റെ വളർത്തുനായ 'പിഡി'യെ പരിചയപ്പെടുത്തിയിരുന്നു. ഇത് ഇന്റർനെറ്റ് സെൻസേഷനായി മാറിയിരുന്നു. കഴിഞ്ഞ വർഷം പ്രിയങ്ക ഗാന്ധിയുടെയും വളർത്തുനായയുടെയും ചിത്രം വൈറലായിരുന്നു. 2023 ൽ, സോണിയ ഗാന്ധിക്ക് 'നൂരി' എന്ന് പേരുള്ള വളർത്തുനായയെ സമ്മാനമായി രാഹുൽ നൽകുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.