‘വോട്ടർ അവകാശ യാത്ര’ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി
text_fieldsബീഹാറിലെ സാരണിലെത്തിയ അഖിലേഷ് യാദവിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗേപാലും ചേർന്ന് സ്വീകരിച്ചപ്പോൾ
ആറ(ബീഹാർ): ബീഹാറിൽ നാന്ദി കുറിച്ച വോട്ടർ അവകാശ യാത്ര രാജ്യമെമ്പാടും വ്യാപിക്കാൻ പോകുകയാണെന്നും യാത്രയോടനുബന്ധിച്ച് ആറയിൽ സംഘടിപ്പ റാലിയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഒരു മുദ്രാവാക്യം ലോകത്തെ മുഴുവൻ കേൾപ്പിച്ച് വിപ്ലവം ബീഹാറിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് ബീഹാറിലെ ജനങ്ങൾ ഒരിക്കൽ കുടി കാണിച്ചുതന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്പറഞ്ഞു.
‘വോട്ടുചോർ’ എന്ന് പറഞ്ഞപ്പോഴേക്കും ‘ഗദ്ദീ ഛോഡ്’ എന്നാർത്തുവിളിച്ച് മുഴുമിച്ച ജനത്തെ ഈ നടക്കുന്ന മോഷണം വോട്ടിന്റെ മാത്രമല്ല, അവകാശങ്ങളുടെയും ഭാവിയുടെയും ആണെന്ന് രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. നരേന്ദ്ര മോദിയും ബി.ജെ.പിയും ആർഎസ്എസും അദാനി-അംബാനി സർക്കാറിനെയാണ് നയിക്കുന്നത്, അതുകൊണ്ടാണ് വോട്ടുകൾ മോഷ്ടിച്ച് ഈ രാജ്യത്ത് ദരിദ്രരുടെ ശബ്ദം കേൾക്കരുതെന്നും അത് അടിച്ചമർത്തപ്പെടണമെന്നും അവർ ആഗ്രഹിക്കുന്നത് .
എന്നാൽ ദരിദ്രരായ യുവാക്കളുടെ ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കുമെന്നും കേൾക്കുമെന്നും ബീഹാറിൽ ഒരു വോട്ട് പോലും മോഷ്ടിക്കപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ ആവർത്തിച്ചു. മഹാരാഷ്ട്ര , ഹരിയാന , ലോക്‌സഭ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ മോഷ്ടിച്ച പോലെ ബീഹാറിലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കാൻ അവരെ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞപ്പോൾ അനുവദിക്കില്ലെന്ന് ജനക്കൂട്ടവും വിളിച്ചു പറഞ്ഞു.
നേരത്തെ വോട്ടർ അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പട്നയിലെ കോൺഗ്രസ് ഓഫിസ് ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ പ്രകടനമായി കോൺഗ്രസ് ഓഫിസിലേക്ക് എത്തിയത്. ഓഫിസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന ബി.ജെ.പി പ്രവർത്തകർ അവിടെയുണ്ടായിരുന്നവരെ മർദിക്കുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് തിരിച്ചടിച്ചതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും വടികളും കല്ലുമായി ഏറെനേരം ഏറ്റുമുട്ടി.
സത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും സത്യം വിജയിക്കുമെന്നും ബി.ജെ.പി ആക്രമണത്തിന് പിന്നാലെ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. റാലിയിലേക്ക് ബി.ജെ.പി ഏജന്റുമാർ നുഴഞ്ഞുകയറിയാണ് മോദിക്കെതിരെ മോശം പദങ്ങൾ ഉപയോഗിച്ചതെന്നും വൻ വിജയമായ യാത്ര തകർക്കാനുള്ള അവരുടെ തന്ത്രമാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.