'കഴിഞ്ഞ പത്ത് വർഷമായുള്ള വേട്ടയാടലിന്റെ തുടർച്ച'; റോബർട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: റോബർട്ട് വാദ്രയെ സർക്കാർ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായിയും എം.പി പ്രിയങ്ക ഗാന്ധിയുടെ ഭര്ത്താവുമായ റോബർട്ട് വാദ്രക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ ആരോപണം.
സത്യം ഒടുവിൽ ജയിക്കുമെന്നും പ്രിയങ്കയും കുടുംബവും ഏത് തരത്തിലുള്ള പീഡനങ്ങളെയും നേരിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'കഴിഞ്ഞ പത്ത് വർഷമായി എന്റെ സഹോദരി ഭർത്താവിനെ സർക്കാർ വേട്ടയാടുകയാണ്. ആ വേട്ടയുടെ തുടർച്ചയാണ് പുതിയ കുറ്റപത്രം. റോബർട്ടും പ്രിയങ്കയും അവരുടെ കുട്ടികളും ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമായ ആക്രമണത്തെ നേരിടുമ്പോൾ ഞാൻ അവരോടൊപ്പം നിൽക്കുന്നു' -അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
ഹരിയാനയിലെ ഷിക്കോപുരിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റോബർട്ട് വാദ്രക്കെതിരെ എൻഫോഴ്സ്മെന്റ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. റോസ് അവന്യൂ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യമായാണ് റോബർട്ട് വാദ്രയെ ക്രിമിനൽ കേസിൽ പ്രതിയാക്കി ഏതെങ്കിലും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത്.
വാദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും 37.64 കോടി രൂപയുടെ 43 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായും ഇ.ഡി അറിയിച്ചു. പി.എം.എൽ.എ പ്രകാരം താൽക്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സത്യാനന്ദ് യാജി, കേവൽ സിങ് വിർക്ക് എന്നിവരും അവരുടെ കമ്പനിയായ ഓങ്കാരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടെ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഗുരുഗ്രാം സെക്ടർ 83ൽ ഷിക്കോപുർ ഗ്രാമത്തിലെ 3.53 ഏക്കർ ഭൂമി വാദ്ര തന്റെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വഴി ഓങ്കാരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 7.5 കോടി രൂപക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2018 സെപ്റ്റംബറിൽ ഗുരുഗ്രാം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.