ഓപ്പറേഷൻ സിന്ദൂർ: ട്രംപിനെ നുണയനെന്ന് വിളിക്കാൻ ധൈര്യമുണ്ടോ? -ചോദ്യവുമായി ലോക്സഭയിൽ രാഹുൽ
text_fieldsന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തലിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ നുണയൻ എന്ന് പരസ്യമായി വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ചർച്ചയിൽ കേന്ദ്ര സർക്കാറിനെ രാഹുൽ കടന്നാക്രമിച്ചു. പാകിസ്താനുമായുള്ള യുദ്ധത്തിൽ ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും രാഹുൽ ചോദിച്ചു.
ട്രംപ് ഒരു നുണയൻ ആണെന്നും നമുക്ക് ഒരു വിമാനവും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറയണം. ഇത് വളരെ അപകടകരമായ സമയമാണ്, സൈന്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത ഒരു പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല. ഡോണാൾഡ് ട്രംപ് ഒരു നുണയനാണെന്ന് ഇവിടെ നിന്ന് പറയാൻ ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രിയെ നമുക്ക് താങ്ങാനാവില്ല -രാഹുൽ തുറന്നടിച്ചു.
ഞാൻ രാജ്‌നാഥ് സിങ്ങിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഓപ്പറേഷൻ സിന്ദൂർ പുലർച്ചെ 1:05 ന് ആരംഭിച്ച് 22 മിനിറ്റ് നീണ്ടുനിന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. തുടർന്ന് അദ്ദേഹം ഏറ്റവും ഞെട്ടിക്കുന്ന കാര്യം പറഞ്ഞു. 'ഞങ്ങൾ പുലർച്ചെ 1:35 ന് പാകിസ്താനെ വിളിച്ച് ആക്രമണം കൂടുതൽ രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു, സൈനികേതര ലക്ഷ്യങ്ങൾ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്' എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ വാക്കുകളാണിത്. നമ്മൾ എന്താൻ ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ പാകിസ്താനോട് പറഞ്ഞു. നമ്മുടെ പൈലറ്റുമാരോട് അവരുടെ വ്യോമ പ്രതിരോധത്തെ ആക്രമിക്കരുതെന്ന് പറഞ്ഞു. വിമാനം വെടിവെച്ചിടുമെന്ന് ഉറപ്പായിരുന്നു. നിങ്ങൾ നമ്മുടെ പൈലറ്റുമാരുടെ കൈകൾ കെട്ടിയിട്ടു... -രാഹുൽ വിമർശിച്ചു.
പഹൽഗാമിലേത് പാകിസ്താൻ ആസൂത്രണം ചെയ്ത ക്രൂരമായ ആക്രമണമായിരുന്നെന്ന് രാഹുൽ വിശേഷിപ്പിച്ചു. സായുധ സേനയ്ക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രത്തിന് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.