‘വോട്ട് ചോരി’ ഉയർത്തി ബിഹാറിൽ രാഹുൽ ഗാന്ധിയുടെ പദയാത്ര; 15 ദിവസം നീണ്ട യാത്ര ആഗസ്റ്റ് 17 മുതൽ
text_fieldsറായ്പൂർ: വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കൃത്യമായ മറുപടി നൽകാത്ത സാഹചര്യത്തിൽ വിഷയവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. വോട്ട് ചോരി ഉയർത്തികാട്ടി ബിഹാറിൽ രാഹുൽ ഗാന്ധി പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളെ അറിയിച്ചു.
15 ദിവസം നീണ്ടുനിൽക്കുന്ന പദയാത്രയാണ് രാഹുൽ ഗാന്ധി നടത്തുക. 'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പദയാത്ര ആഗസ്റ്റ് 17ന് ആരംഭിക്കും. സെപ്റ്റംബർ ഒന്നിന് ഗാന്ധി മൈതാനത്ത് നടത്തുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും. ഇൻഡ്യ സഖ്യത്തിലെ മുഴുവൻ നേതാക്കളും മഹാറാലിയിൽ പങ്കെടുക്കും.
ജനാധിപത്യത്തെ നമ്മൾ സംരക്ഷിക്കുമെന്നും വോട്ട് കൊള്ളക്ക് അറുതി വരുത്തുമെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. 'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്ന മുദ്രാവാക്യം എം.പിമാർ ജനങ്ങളിൽ എത്തിക്കുമെന്നും ബാഗേൽ കൂട്ടിച്ചേർത്തു.
വോട്ട് കൊള്ളയിൽ രാജ്യവ്യാപക പ്രക്ഷോഭമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വോട്ട് കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗസ്റ്റ് 14ന് രാജ്യത്തെ മുഴുവൻ ജില്ലകളിലും കോൺഗ്രസ് പ്രവർത്തകർ റാലി നടത്തും. വൈകിട്ട് എട്ട് മണിക്കാണ് റാലി നടത്തുക.
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ഏഴ് വരെ സംസ്ഥാന തലത്തിൽ റാലികൾ സംഘടിപ്പിക്കും. കൂടാതെ, ദേശവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പുശേഖരണം നടത്തും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 16 വരെ നടക്കുന്ന അഞ്ച് കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
അതേസമയം, ആഗസ്റ്റ് 14ന് രാത്രി 8ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും ഡി.സി.സിയുടെ നേതൃത്വത്തിൽ ഫ്രീഡം നൈറ്റ് മാര്‍ച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ വയനാട്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം എന്നിവിടങ്ങളിലെ മാര്‍ച്ചിന് നേതൃത്വം നല്‍കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല ആലപ്പുഴയിലും കെ. സുധാകരന്‍ കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് കൊല്ലത്തും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ മലപ്പുറം, പി.സി. വിഷ്ണുനാഥ് പാലക്കാട്, ഷാഫി പറമ്പില്‍ കാസര്‍കോട്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ട, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം, ബെന്നി ബെഹനാന്‍ തൃശ്ശൂര്‍, എം.കെ. രാഘവന്‍ കോഴിക്കോട്, ഡീന്‍ കുര്യാക്കോസ് ഇടുക്കി എന്നിവിടങ്ങളിലും നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. വിവിധ ജില്ലകളില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.