എം.എൽ.എ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി റെയ്ഡ്; ഇ.ഡിക്കെതിരെ പൊലീസ് കേസ്
text_fieldsചെന്നൈ: എം.എൽ.എ ഹോസ്റ്റൽ വളപ്പിൽ അതിക്രമിച്ചു കയറിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരെ തിരുവല്ലിക്കേനി പൊലീസ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തെതുടർന്ന് ഗ്രീൻവേയ്സ് റോഡിലുള്ള തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിയുടെ സർക്കാർ ബംഗ്ലാവിലും എം.എൽ.എ ഹോസ്റ്റലിലെ ഐ. പെരിയസാമിയുടെ മകനും പളനി മണ്ഡലം എം.എൽ.എയുമായ സെന്തിൽകുമാറിന്റെ മുറിയിലും മകൾ ഇന്ദ്രാണിയുടെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡിണ്ടുഗൽ ഡി.എം.കെ ഈസ്റ്റ് ജില്ല സെക്രട്ടറികൂടിയാണ് സെന്തിൽകുമാർ. ചെന്നൈ, മധുര, ഡിണ്ടുഗൽ ഉൾപ്പെടെയുള്ള ജില്ലകളിലെ ഐ. പെരിയസാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നു.
2006 മുതൽ 2010 വരെ മന്ത്രിയായ കാലത്ത് ഭാര്യയുടെയും മക്കളുടെയും പേരിൽ 2.1 കോടി രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചതായ കേസിന്റെ വിചാരണ ത്വരിതപ്പെടുത്താൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് റെയ്ഡ് നടപടിയെന്ന് ഇ.ഡി കേന്ദ്രങ്ങൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ആറരമണിയോടെയാണ് ഇ.ഡി അധികൃതർ കേന്ദ്രസേനയുടെ അകമ്പടിയോടെ പരിശോധനക്കെത്തിയത്. ഇവിടങ്ങളിൽ ഡി.എം.കെ പ്രവർത്തകർ തടിച്ചുകൂടി. ചെന്നൈയിലെ എം.എൽ.എ ഹോസ്റ്റൽ വളപ്പിൽ പൂട്ട് തകർത്ത് അതിക്രമിച്ചു കയറിയതായി നിയമസഭ സെക്രട്ടറി ശ്രീനിവാസൻ നൽകിയ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റെയ്ഡിൽ കനിമൊഴി എം.പി ഉൾപ്പെടെ ഡി.എം.കെ നേതാക്കൾ ശക്തിയായി പ്രതിഷേധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.