രാജസ്ഥാൻ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം; നൊഖ നഗരസഭ ഭരണം പിടിച്ച് സി.പി.എം
text_fieldsജയ്പൂർ: രാജസ്ഥാനിൽ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകളിൽ ബി.ജെ.പിക്ക് മുൻതൂക്കം. ഉദയ്പൂരിൽ ബി.ജെ.പി 53 സീറ്റുകളിലും കോൺഗ്രസ് 23 ലും സ്വതന്ത്രർ മൂന്നിലും സി.പി.എം ഒരു സീറ്റിലും വിജയം നേടി.
നൊഖ നഗരസഭയിൽ ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണത്തിലും വിജയിച്ച് സി.പി.എം ഭരണത്തിലേറി. ബി.ജെ.പി 13 സീറ്റുകളും സ്വതന്ത്രർ മൂന്ന് സീറ്റുകളും നേടി. കോൺഗ്രസ് ദുർബലമായ ഇവിടെ ബി.ജെ.പിക്കുള്ള ബദലായി സ്വയം അടയാളപ്പെടുത്തിയ ഇടതുപാർട്ടിക്ക് ഈ വിജയം വലിയ ഉണർവാണ് നൽകുന്നത്.
പ്രാദേശിക വിഷയങ്ങളും ബി.ജെ.പിയോടുള്ള വോട്ടർമാരുടെ അതൃപ്തിയുമാണ് ഈ വിജയത്തിന് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് വ്യക്തമാക്കി. സാമ്പത്തിക, ജനക്ഷേമ വിഷയങ്ങളിൽ പാർട്ടി ഒരു ബദലായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം 192 സ്ഥാനാർഥികളെയാണ് സി.പി.എം മത്സരത്തിനിറക്കിയത്. അതിൽ ഏകദേശം 40 പേർ വിജയിച്ചു.
വിവിധ കോർപറേഷനുകളിൽ ബി.ജെ.പി മുന്നേറുകയാണ്. അതേസമയം, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെ, സംസ്ഥാന അധ്യക്ഷൻ മദൻ റാത്തോഡ് എന്നിവരുടെ മേഖലകളിൽ പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. അതേസമയം, സംസ്ഥാനതല പ്രകടനത്തിൽ ബി.ജെ.പി മുന്നിലാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് നിർണായകമാണ് തെരഞ്ഞെടുപ്പ് ഫലം.
സംസ്ഥാനത്തെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് (10 മുനിസിപ്പൽ കോർപറേഷനുകൾ, 51 മുനിസിപ്പൽ കൗൺസിലുകൾ, 248 നഗരസഭകൾ) രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ ഒമ്പതിന് 162 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബർ 11ന് രണ്ടാം ഘട്ടത്തിൽ 147 സ്ഥാപനങ്ങളിലേക്കും വോട്ടെടുപ്പ് നടത്തി.
രണ്ട് ഘട്ടങ്ങളിലുമായി ആകെ 10,167 വാർഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ആകെ 74.05 ശതമാനമായിരുന്നു പോളിങ്. 309 നഗരസ്ഥാപനങ്ങളിലായി ആകെ 10,245 കൗൺസിലർമാരെയാണ് തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള നിശ്ചിത കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

