ബാബരി ദിനത്തിൽ സർക്കാർ, സ്വകാര്യ സ്കുളൂകളിൽ ‘ശൗര്യ ദിവസ്’; ഉത്തരവ് പിൻവലിച്ച് രാജസ്ഥാൻ
text_fieldsവിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ
ജയ്പൂർ: ബാബരി പള്ളി തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറ് സ്കൂളുകളിൽ ‘ശൗര്യദിവസ്’ ആയി ആചരിക്കണമെന്ന ഉത്തരവ് പിൻവലിച്ച് രാജസ്ഥാൻ സർക്കാർ. സർക്കാർ, സ്വകാര്യ സ്കുളൂകളിൽ ശൗര്യ ദിവസ് എന്ന രീതിയിൽ ആഘോഷിക്കണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ നിർദേശപ്രകാരമുള്ള ഉത്തരവ്. വിദ്യാർഥികൾക്കും ജീവനക്കാർക്കുമിടയിൽ ‘ദേശസ്നേഹം, ദേശീയത, ധൈര്യം, സാംസ്കാരിക അഭിമാനം, ദേശീയ ഐക്യം’ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബർ ആറിന് വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ശനിയാഴ്ച രാത്രിയുള്ള ഉത്തരവിൽ നിർദേശിച്ചിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ സംസ്കാരത്തെയും രാമക്ഷേത്ര പ്രസ്ഥാനത്തെയും കുറിച്ചുള്ള പ്രസംഗ, ഉപന്യാസ മത്സരങ്ങൾ, അയോധ്യക്ഷേത്രത്തെ പ്രമേയമാക്കി ചിത്രരചന, പോസ്റ്റർ നിർമാണ പ്രവർത്തനങ്ങൾ എന്നിവ നടത്താനും ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ 9.15ന് മന്ത്രി ഉത്തരവ് പിൻവലിക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാൽ സ്കൂളുകളിൽ മറ്റ് പ്രവർത്തനങ്ങളോ പരിപാടികളോ നടത്താൻ കഴിയില്ലെന്നും ‘ശൗര്യ ദിവസ്’ ആഘോഷങ്ങൾ മാറ്റിവെച്ചെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ദിലാവർ പ്രസ്താവനയിൽ പറയുന്നത്.
മാറ്റിവെച്ചെങ്കിലും ശൗര്യ ദിവസ് ആഘോഷിക്കാനുള്ള തീരുമാനത്തെ മന്ത്രി ന്യായീകരിച്ചു. ശ്രീരാമൻ ഇന്ത്യൻ സംസ്കാരത്തിന്റെ ആദർശങ്ങളെ പ്രതിനിധീകരിക്കുന്നെന്നും രാമന്മഭൂമി പ്രസ്ഥാനം സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്നെന്നും ദിലാവർ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്നത് വിദ്യാർഥികൾക്ക് പ്രചോദനമാണെന്നും ദേശസ്നേഹത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവ് വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

