സൂപ്പർ ശക്തിയാവുന്നതിൽ നിന്ന് ഇന്ത്യയെ ആർക്കും തടയാനാകില്ല -രാജ്നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ന്യൂഡൽഹി: വൻശക്തിയാകുന്നതിൽ നിന്ന് ഇന്ത്യയെ ആർക്കും തടയാനാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയിൽ ആഗോളശക്തികൾക്ക് അസൂയയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയെയും പ്രതിരോധമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ട്രംപിനെ എല്ലാവരുടെയും 'ബോസ്' എന്നാണ് രാജ്നാഥ് സിങ് പരിഹസിച്ചത്.
''ചിലയാളുകൾക്ക് ഇന്ത്യയുടെ വളർച്ച അംഗീകരിക്കാൻ സാധിക്കുന്നില്ല. അവർക്കത് ഉൾക്കൊള്ളാനേ സാധിക്കുന്നില്ല. എല്ലാവരുടെയും ബോസ് ഞാനാണ്. പിന്നെ എങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തിൽ മുന്നേറുന്നത്?''-ട്രംപിനെ പരിഹസിച്ച് പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അതിനെല്ലാം വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഒരു ശക്തിക്കും ഇന്ത്യ വൻശക്തിയാകുന്നതിനെ ചെറുക്കാനാകില്ല-രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഉദ്ഘാടനത്തിനാണ് പ്രതിരോധമന്ത്രി മധ്യപ്രദേശിലെത്തിയത്. അതിനിടെ, ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുമ്പോഴും ഇന്ത്യ ഒരിക്കലും പ്രകോപനം പൊറുക്കില്ലെന്നും പ്രതിരോധമന്ത്രി ആവർത്തിച്ചു.
ആർക്കും നമ്മുടെ രാജ്യത്തെ കളിയാക്കാൻ അവസരം നൽകില്ല. ഓപറേഷൻ സിന്ദൂറിൽ തദ്ദേശീയമായ ഉപകരണങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. അത് വിജയത്തിൽ നിർണായകമായി. പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത് നേടുമെന്ന് പ്രതിജ്ഞയെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യക്ക് ഈ നിലയിൽ എത്താൻ സാധിച്ചത്. മുമ്പ് വിമാനങ്ങളും ആയുധങ്ങളുമെല്ലാം വിദേശരാജ്യങ്ങളിലാണ് നിർമിച്ചിരുന്നത്. ആവശ്യം വരുമ്പോൾ ഇന്ത്യ അതെല്ലാം മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് അതിൽ മിക്കതും ഇന്ത്യ നിർമിക്കുകയാണ്. മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് യു.എസ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. തീർത്തും അന്യായവും യുക്തിരഹിതവുമായ തീരുമാനമാണിതെന്നു പറഞ്ഞ് ഇന്ത്യ യു.എസിനെതിരെ രംഗത്ത്‍വന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.