'മകനെ എനിക്ക് നഷ്ടമായി; എങ്കിലും നിങ്ങൾ അക്രമത്തിന് പോകരുത്'
text_fieldsകൊൽക്കത്ത: 'മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും' -പശ്ചിമ ബംഗാളിലെ അസന്‍സോള്‍ പള്ളിയിലെ ഇമാം ഇംദാദുല്‍ റാഷിദിയുടെ അഭ്യർഥനയാണിത്. രാം നവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തന്‍റെ 16കാരനായ മകനെ നഷ്ടപ്പെട്ടപ്പോൾ നാട്ടിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാനായിരുന്നു ഇമാമിന്‍റെ ശ്രമം.
രാം നവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. പത്താംക്ലാസ് പരീക്ഷ എഴുതിയ സിബ്ദുള്ള റാശിദിയെന്ന 16കാരനാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സിബ്ദുള്ളയെ കാണാതായിരുന്നു. അസന്‍സോളിലെ രാലി പാര്‍ പ്രദേശത്തെ സംഘര്‍ഷത്തിനിടെയാണ് മകനെ കാണാതാകുന്നത്.
ബുധനാഴ്ച വൈകീട്ടാണ് സിബ്ദുള്ളയുടെ മൃതശരീരം കണ്ടെത്തുന്നതെങ്കിലും തിരിച്ചറിയുന്നത് അടുത്ത ദിവസമാണ്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സിബ്ദുള്ള മരിച്ചത്. ഇമാമിന്‍റെ മകന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഇമാം അഭ്യർഥിച്ചത്.
വീട്ടിൽ നിന്ന് പുറത്തേക്ക് പോയ മകൻ കലാപകാരികളുടെ കയ്യിലകപ്പെട്ടു. ഇതുകണ്ട മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി പോയി. എന്നാൽ, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് ഉണ്ടായതെന്നും റാഷിദി പറഞ്ഞു.
അസന്‍സോള്‍ പള്ളിയിലെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമാണ്. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടമാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അത് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
മകനെ നഷ്ടപ്പെട്ട ഒരു പിതാവ് ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത് ബംഗാളിന് മാത്രമല്ല, രാജ്യത്തിന് ആകമാനം ഒരുദാഹരണമാണ്. ഇമാം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളെല്ലാം കരയുകയായിരുന്നു. സിബ്ദുള്ളയുടെ മൃതശരീരം കണ്ടെത്തിയതോടെ തന്നെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ പ്രവചനാതീതമായി മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, സമാധാനത്തിനുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ, ജനങ്ങളെ ആകെ തണുപ്പിച്ചുവെന്നും അസന്‍സോളിലെ കൗണ്‍സിലറായ നാസിം അന്‍സാരി പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.