യൂനിസെക്സ് സലൂണിന് നേരെ രാം സേന ആക്രമണം; മലയാളി ഉൾപ്പെടെ 14 പേർ അറസ്റ്റിൽ
text_fieldsമംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ രാംസേന അതിക്രമം നടത്തിയ “കളേഴ്‌സ്” യൂണിസെക്‌സ് സലൂൺ, അറസ്റ്റിലായവർ
മംഗളൂരു: നഗരത്തിലെ ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്‌സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു. മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്‌സ്” എന്ന യൂണിസെക്‌സ് സലൂണിലാണ് അതിക്രമം നടന്നത്. 11 പേരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയായിരുന്നു. ഇന്ന് രാവിലെ 11. 50 ഓടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്ത ബാർക്ക പൊലീസ് രാത്രിയോടെ 14 പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശി ഹർഷിത് എന്ന ഹർഷരാജ്, വാമഞ്ചൂർ മൂടുഷെഡ്ഡേ സ്വദേശി രവി പൂജാരി എന്ന മോഹൻദാസ്, കാസർകോട് ഉപ്പള സ്വദേശി പുരന്ദര റൈ, വാമഞ്ചൂർ അംബേദ്കർ നഗർ സ്വദേശി സച്ചിൻ, ഉളായിബെട്ട് ഫെർമഞ്ചി സ്വദേശി രവീഷ്, സുകേത്, ബഞ്ചനപദവ് സ്വദേശി അങ്കിത്, വാമഞ്ചൂർ സ്വദേശി മൂടുഷെഡ്ഡിലെ കാളി മുത്തു, തരിഗുഡ്ഡെ ബോണ്ടന്തില സ്വദേശി അഭിലാഷ്, വാമഞ്ചൂർ മൂടുഷേഡ് സ്വദേശി ദീപക്, വിഘ്നേഷ് സരിപള്ള, പെഡമലെ മങ്കി സ്റ്റാൻഡിലെ ശരൺ രാജ്, മൂടുഷെഡേ പ്രദീപ് പൂജാരി, മംഗളൂരു ഗോകർണ നിഡാലെ സ്വദേശി പ്രസാദ് അത്താവർ എന്നിവരാണ് അറസ്റ്റിലായത്.
സലൂണിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച സംഘം, വനിത ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സലൂണിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.