'മോദി വിഗ്രഹപ്രതിഷ്ഠ നടത്തുകയാണെങ്കിൽ പൂജാരിമാരെന്തിന്?' വിട്ടുനിൽക്കുമെന്ന് ശങ്കരാചാര്യന്മാരും
text_fields1. സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), 2. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), 3. സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക) 4. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ പരിപാടിയാക്കുന്നതിനെതിരെ സന്യാസി പ്രമുഖർ. നാല് ശങ്കരാചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കും. പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിനൊപ്പം മുൻനിര ഹിന്ദു സന്യാസിമാർ പ്രതിഷേധവുമായി രംഗത്തുവന്നത് ബി.ജെ.പിക്ക് മറ്റൊരു തിരിച്ചടിയായി.
ബദരീനാഥ്, പുരി, ദ്വാരക, ശൃംഗേരി മഠാധിപതികളെ ചടങ്ങിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പാളിയത്. ആദിശങ്കരൻ സ്ഥാപിച്ച പ്രമുഖ ഹിന്ദു ആത്മീയ കേന്ദ്രങ്ങളാണ് ഈ നാലു മഠങ്ങൾ. രാമക്ഷേത്ര പ്രതിഷ്ഠക്ക് ഇവർ എതിരല്ല. എന്നാൽ, മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. സ്വാമി നിശ്ചലാനന്ദ സരസ്വതി (പുരി ഗോവർധന മഠം), സ്വാമി ഭാരതിതീർഥ (ശാരദാപീഠം, ശൃംഗേരി), സ്വാമി സദാനന്ദ സരസ്വതി (ശാരദാപീഠം, ദ്വാരക), സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി (ജ്യോതിർമഠം, ബദരീനാഥ്) എന്നിവരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
പല കാരണങ്ങളാണ് ശങ്കരാചാര്യന്മാർ പറയുന്നത്. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്താൻ പാടില്ല. പ്രധാനമന്ത്രിയോ മറ്റു രാഷ്ട്രീയ നേതാക്കളോ അല്ല ഈ ചടങ്ങിനെ നയിക്കേണ്ടത്. പരമ്പരാഗത ക്ഷേത്ര നിർമാണ, വിഗ്രഹ പ്രതിഷ്ഠാ രീതികൾക്കും സനാതന ധർമശാസ്ത്രത്തിനും വിരുദ്ധമാണ് ചടങ്ങ്. ആത്മീയതക്കല്ല ഊന്നൽ. ഇത്തരമൊരു പരിപാടിക്കുമുമ്പ് ആത്മീയ നേതാക്കളെന്ന നിലയിൽ ബന്ധപ്പെട്ടവരോട് കൂടിയാലോചന നടത്തിയില്ല. ഹിന്ദുവികാരം ചൂഷണം ചെയ്യുന്നതിലാണ് ശ്രദ്ധ. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പൗഷമാസം പറ്റിയതല്ല.
‘ഇന്ത്യയിൽ രാജാവും മതപുരോഹിതരും ഒരു കാലത്തും ഒന്നായിരുന്നില്ല. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ നേതാവ് മതനേതാവായി മാറുകയാണ്. ഇത് പാരമ്പര്യങ്ങൾക്കെതിരാണ്. രാഷ്ട്രീയ നേട്ടത്തിനാണ് ഇങ്ങനെ ചെയ്യുന്നത്’ -സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി കുറ്റപ്പെടുത്തി. നാലു ശങ്കരാചാര്യന്മാരിൽ ആരും, ഹിന്ദു മതാചാരം അവഗണിക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.