ഭിക്ഷയെടുത്തു കിട്ടിയ 1.83 ലക്ഷം രൂപ ക്ഷേത്ര പുനരുദ്ധാരണത്തിന് നൽകി രംഗമ്മ; 35 വർഷമായി ഭിക്ഷയെടുത്ത് ജീവിതം
text_fieldsരംഗമ്മ
റായ്ചുർ: റയ്ചൂർ-ജംബലദിന്നി റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന രംഗമ്മ നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവനയായി നൽകിയത് 1.83 ലക്ഷം രൂപ. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമാണ് ഇവർ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം അടുത്തിടെയാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേത്ര ഭാരവാഹികൾ ആദരിച്ചു.
ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാൽ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയിൽ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. കിട്ടിയ പണമെല്ലാം ചാക്കിൽകെട്ടി സൂക്ഷിക്കുകയായിരുന്നു ഇവരുടെ പതിവ്. എന്നാൽ കിടപ്പ് റോഡരികിലായിരുന്നു.
അടുത്തകാലത്ത് നാട്ടുകാർ ഇവർക്ക് ഒരു ചെറിയ വീട് വെക്കാൻ സഹായിച്ചു. അതിനു ചെലവായ ഒരു ലക്ഷം രൂപ ഇവരുടെ പണമായിരുന്നു. അപ്പോഴാണ് മുന്ന് ചാക്കു നിറയെ പണം നാട്ടുകാർ കാണുന്നത്. ഇത് ചോദിച്ചപ്പോൾ അത് ക്ഷേത്രത്തിനുള്ള സംഭാവനയാണെന്ന് അവർ പറഞ്ഞു. നാട്ടുകാർ പണം എണ്ണിത്തിട്ടപ്പെടുത്തി. എല്ലാം നാണയങ്ങളായിരുന്നു. 20 പേർ ആറു മണിക്കൂർ എണ്ണിയപ്പോഴാണ് 1.83 ലക്ഷം രൂപയെന്ന് കണ്ടത്. ഒപ്പമുണ്ടായിരുന്ന 6000 രൂപയുടെ നോട്ടുകൾ നശിച്ചുപോയി. ബാക്കി തുക ക്ഷേത്രത്തിലേക്ക് നൽകുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.