മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ അറസ്റ്റ്; ഗുജറാത്ത് സർക്കാറിനും അദാനിക്കും ഹൈകോടതി നോട്ടീസ്
text_fieldsഅഹ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ മാനനഷ്ട കേസിലെ അറസ്റ്റ് നടപടി ചോദ്യംചെയ്ത് മലയാളി മാധ്യമ പ്രവർത്തകൻ രവി നായർ ഗുജറാത്ത് ഹൈകോടതിയിൽ. ഹരജി സ്വീകരിച്ച ഹൈകോടതി സംസ്ഥാന സർക്കാറിനും അദാനി ഗ്രൂപ്പിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
ഒരു വർഷമായി തുടരുന്ന നിയമ പോരാട്ടത്തിനിടെ സെപ്റ്റംബർ 17നായിരുന്നു ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി മാധ്യമ പ്രവർത്തകൻ രവി നായർ അറസ്റ്റിലായത്. മാനനഷ്ട കേസിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ് നൽകിയ പരാതിയെ തുടർന്ന് ഗാന്ധി നഗർ ജില്ല കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ അറസ്റ്റിലായ രവി നായറെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്നാണ് കീഴ്കോടതി നടപടി ചോദ്യംചെയ്ത് ഹൈകോടതിയെ സമീപിച്ചത്. ശനിയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എം.കെ. താക്കർ സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.
2025 ഒക്ടോബറിലാണ് രവി നായരും, പ്രാൻഷു വർമയും ചേർന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ട് ‘വാഷിങ്ടൺ പോസ്റ്റി’ൽ പ്രസിദ്ധീകരിച്ചത്. സർക്കാറിന്റെ നിർദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി അദാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ഏകദേശം 3.9 ബില്യൺ ഡോളർ നിക്ഷേപിക്കാൻ നീക്കം നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ. ഇത് ‘എക്സ്’ പേജിൽ പങ്കുവെച്ചതിനു പിന്നാലെയാണ് അദാനി ഗ്രൂപ് രവി നായർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഗാന്ധിനഗർ കോടതി ഒരു വർഷം തടവും പിഴയും വിധിച്ചിരുന്നു. പിന്നീട്, ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ കോടതി, വിചാരണ വേളയിൽ ഹാജരാവണമെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ ജാമ്യവ്യവസ്ഥ നിലനിൽക്കെ സെപ്റ്റംബർ മൂന്നിന് ജില്ല കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ, അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയായിരുന്നു. ഇതിന്റെ സാധുത ചോദ്യം ചെയ്താണ് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. നേരത്തേ അന്വേഷണത്തിന്റെ ഭാഗമായി രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വസതികളിൽ ഗുജറാത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

