ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താം -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരെഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്താൻ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇതിനുള്ള സംവിധാനങ്ങൾ 2018 സെപ്റ്റംബറോടെ ഒരുക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് മാധ്യമങ്ങളോടുപറഞ്ഞു. നിയമമന്ത്രാലയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നുവെന്ന് റാവത്ത് പറഞ്ഞു.
ആവശ്യമായ ഫണ്ട് അനുവദിച്ചാൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നാണ് മറുപടി നൽകിയത്. ഒരുമിച്ച് നടത്തുന്നതിന് പര്യാപ്തമായ വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും ഒരുക്കാനാണ് തുക. കേന്ദ്രസർക്കാർ ഒരിക്കൽ 3400 കോടിയും പിന്നീട് 1200 കോടി രൂപയും നൽകിയിട്ടുണ്ട്.
രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ 40 ലക്ഷം വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളുമാണ് വേണ്ടത്. രണ്ട് സർക്കാർ സ്ഥാപനങ്ങൾക്ക് വോട്ടുയന്ത്രങ്ങളും വിവിപാറ്റും ലഭ്യമാക്കാൻ ഒാർഡർ നൽകി. ഇവയെല്ലാം 2018 സെപ്റ്റംബറിൽ ലഭിക്കുന്നതോടെ രണ്ട് തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ സാധിക്കും. എന്നാൽ, കേന്ദ്ര സർക്കാറാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുകയും നിയമനിർമാണം നടത്തുകയും ചെയ്യേണ്ടതെന്ന് റാവത്ത് പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ചർച്ച യു.പി.എ സർക്കാറിെൻറ കാലത്ത് ഉയർന്നുവരുകയും ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് സുദർശൻ നാച്ചിയപ്പെൻറ നേതൃത്വത്തിൽ പാർലമെൻററി സമിതി പഠനം നടത്തുകയും ചെയ്തിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ കൂടിയാലോചനക്കുശേഷം സമിതി സമർപ്പിച്ച റിേപ്പാർട്ടിൽ, ഭാരിച്ച ചെലവ് ചുരുക്കാൻ ഇതുവഴി കഴിയുമെന്ന് ബോധിപ്പിച്ചിരുന്നു.
ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താൻ കാലാവധി കഴിയുന്നതിനുമുമ്പ് ചില നിയമസഭകളെ പിരിച്ചുവിടേണ്ടിവരുമെന്നും ചില നിയമസഭകൾക്ക് കാലാവധി നീട്ടിനൽകേണ്ടിവരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇൗ റിപ്പോർട്ടിലെ ശിപാർശകളുടെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണമെന്ന വിഷയം ചർച്ചയാക്കിയത്. ബി.ജെ.പിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.