കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ കേന്ദ്രം തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ-സുപ്രീംകോടതി ബന്ധം വീണ്ടും വഷളാക്കി മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ കേന്ദ്രം തിരിച്ചയച്ചു. ഒരു മലയാളിയെ കൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യ സന്തുലനം ഇല്ലാതാകും എന്ന വാദമുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് കേന്ദ്രം ആവശ്യപ്പെട്ടത്.
തിരിച്ചയച്ച ശിപാർശ കൊളീജിയം വീണ്ടും സമർപ്പിച്ചാൽ ജസ്റ്റിസ് കെ.എം. ജോസഫിനെ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി ജഡ്ജിയാക്കേണ്ടി വരും. കൊളീജിയം ശിപാർശ ചെയ്ത രണ്ടു പേരിൽനിന്ന് കെ.എം. ജോസഫിനെ ഒഴിവാക്കി സുപ്രീംകോടതി അഭിഭാഷക ഇന്ദു മൽഹോത്രയെ ജഡ്ജിയാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് ബുധനാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇത് വിവാദമായതിനിടയിലാണ് ജസ്റ്റിസ് ജോസഫിെൻറ പേര് കേന്ദ്രം തിരിച്ചയച്ചത്.
ജസ്റ്റിസ് കുര്യൻ ജോസഫിനുപുറമേ ഒരു മലയാളികൂടി സുപ്രീംകോടതി ജഡ്ജിയാകുന്നത് പ്രാതിനിധ്യമില്ലാത്ത മറ്റു സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാകുമെന്ന വാദമാണ് കേന്ദ്രമുയർത്തിയത്. കൊൽക്കത്ത, ഛത്തിസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, ഝാർഖണ്ഡ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, മേഘാലയ ഹൈകോടതികൾക്ക് സുപ്രീംകോടതിയിൽ പ്രാതിനിധ്യമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് നാലും അഞ്ചും പേർ ഒരേസമയം സുപ്രീംകോടതി ജഡ്ജിമാരായി ഇരുന്നിട്ടുണ്ടെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി ലിസ്റ്റിൽ 42ാം സ്ഥാനത്തും ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്തുമാണ് ജസ്റ്റിസ് ജോസഫ് എന്നതാണ് കേന്ദ്രത്തിെൻറ രണ്ടാമത്തെ തടസ്സവാദം. എന്നാൽ; സുപ്രീംകോടതി ജഡ്ജിമാരാക്കാൻ സീനിയോറിറ്റിയല്ല, കഴിവും യോഗ്യതയും വിശ്വാസ്യതയുമാണ് നോക്കാറുള്ളതെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ഏകകണ്ഠമായി ശിപാര്‍ശ ചെയ്തത്. ശിപാർശ വെച്ചു താമസിപ്പിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ഒഴികെയുള്ളവർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇന്ദു മൽേഹാത്രയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യം
ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതു വരെ അദ്ദേഹത്തോടൊപ്പം ശിപാർശ ചെയ്യപ്പെട്ട അഡ്വ. ഇന്ദു മൽേഹാത്ര സത്യപ്രതിജ്ഞചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് രംഗത്തുവന്നു.
വ്യാഴാഴ്ച രാവിലെ ട്വിറ്ററിലൂടെ ഇന്ദു മൽഹോത്രയോട് ഇൗ ആവശ്യമുന്നയിച്ച ഇന്ദിര ജയ്സിങ് ഉച്ചക്കുശേഷം ജസ്റ്റിസ് ജോസഫ് ഇല്ലാത്ത സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയുമെത്തി. എന്നാൽ, കൊളീജിയത്തിെൻറ ശിപാർശ പുനഃപരിേശാധിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ജയ്സിങ്ങിെൻറ ആവശ്യം തള്ളി.
സങ്കൽപിക്കാനോ ചിന്തിക്കാനോ കഴിയാത്ത മനഃസാക്ഷിക്ക് നിരക്കാത്ത വാദമാണിതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ദിര ജയ്സിങ്ങിനോട് പറഞ്ഞു. ജസ്റ്റിസ് ജോസഫിെൻറ പേര് പുനരാേലാചിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് തിരിച്ചയക്കാൻ സ്വാതന്ത്ര്യമുണ്ട്. അവർ തിരിച്ചയക്കുേമ്പാൾ കൊളീജിയം ഉചിതമായ രീതിയിൽ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കാവിവത്കരണമെന്ന് കോൺഗ്രസ്; വിമർശിക്കാൻ അർഹതയില്ലെന്ന് ബി.ജെ.പി
ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫിെന സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശിപാർശ മടക്കിയ കേന്ദ്ര സർക്കാർ നടപടിമൂലം കോടതിയുടെ സ്വാതന്ത്ര്യം അപകടത്തിലായെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോടതികളിൽ സ്വന്തം ആളുകളെ നിറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും കോൺഗ്രസ് വിമർശിച്ചു.
മതിയായിടത്തോളം മതിയെന്ന് ജഡ്ജിമാർ പറയേണ്ട സമയമാണിതെന്ന് കോൺഗ്രസ് വക്താവ് കപിൽ സിബൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജുഡീഷ്യറി അപകടത്തിലായ ഇൗ ഘട്ടത്തിലും അത് സംരക്ഷിക്കാൻ കോടതികൾ ഒന്നിച്ചുനിന്നില്ലെങ്കിൽ നമ്മുടെ ജനാധിപത്യം അപകടത്തിലാകുമെന്ന് സിബൽ ഒാർമിപ്പിച്ചു. രാജ്യത്താകെ 410 ജഡ്ജിമാരുടെ ഒഴിവുണ്ട്.
എന്നാൽ, അടിയന്തരാവസ്ഥ കാലത്ത് എല്ലാ സീനിയോറിറ്റിയും മറികടന്ന് ജഡ്ജിമാരെ നിയമിച്ച കോൺഗ്രസിന് കോടതികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാനുള്ള അവകാശമില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.