ചെങ്കോട്ട സ്ഫോടനം: ജവാദ് സിദ്ദീഖി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsജവാദ് സിദ്ദീഖി
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അൽ ഫലാഹ് യൂനിവേഴ്സിറ്റി സ്ഥാപകൻ ജവാദ് സിദ്ദീഖിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. ഭീകരവാദ ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജവാദ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്.
നവംബർ 19ന് സിദ്ദീഖിയെ 13 ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച അഡീഷനൽ സെഷൻ ജഡ്ജി ശീതൾ ചൗധരി പ്രധാന് മുന്നിൽ ഹാജരാക്കിയ സിദ്ദീഖിയെ ഡിസംബർ 15 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കശ്മീരിൽ എട്ടിടത്ത് റെയ്ഡ്
ഡൽഹിയിൽ ചെങ്കോട്ടക്കു സമീപമുണ്ടായ കാർ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻ.ഐ.എ കശ്മീരിൽ എട്ടിടത്ത് റെയ്ഡ് നടത്തി. തിങ്കളാഴ്ച പുലർച്ചെ, ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിലാണ് ഒരേ സമയം തിരച്ചിൽ നടത്തിയതെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. കേസിൽ അറസ്റ്റിലായ പ്രതികളായ ഡോ. അദീൽ അഹ്മദ് റാത്തർ, ഡോ. മുസമ്മിൽ ഷക്കീൽ, മുഫ്തി ഇർഫാൻ അഹ്മദ്, അമീർ റാഷിദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. നേരത്തെ, ജമ്മു-കശ്മീർ പൊലീസ് അറസ്റ്റ് ചെയ്ത ഇവരിപ്പോൾ എൻ.ഐ.എ കസ്റ്റഡിയിലാണ്. കേസ് അന്വേഷണത്തിന് സഹായകമാവും വിധം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

