വിദേശ സഹായം വേണ്ടെന്നത് നേരത്തേയുള്ള നയമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കനത്ത പ്രളയത്തിൽ 231 മനുഷ്യ ജീവനുകളും കോടികളുടെ നഷ്ടവും സംഭവിച്ച കേരളത്തിന് വിദേശ രാഷ്ട്രങ്ങൾ സഹായം വാഗ്ദാനം ചെയ്തതും ഇന്ത്യ നിരസിച്ചതും ഏറെ വിവാദത്തിനു വഴിവെച്ചു. ദുരിതത്തിൽ നിന്ന് കര കയറാൻ യു.എന്നും യു.എ.ഇയും മാലദ്വീപ്, ഖത്തർ, തായ്ലാൻറ്, എന്നീ രാജ്യങ്ങളും സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിരുന്നു.
യു.എ.ഇ 700കോടി രൂപ വാഗ്ദാനം െചയ്തതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. മാലദ്വീപ് 50000ഡോളർ, ഖത്തർ 35 കോടി രൂപ എന്നിങ്ങനെയും സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരുടെയൊന്നും സഹായം കേരളത്തിന് വേണ്ടെന്ന് കേന്ദ്രം തീർത്തു പറയുകയും ചെയ്തു. 2600 കോടി ആവശ്യപ്പെെട്ടങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച 500കോടിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ച 100 കോടിയുമടക്കം 600 കോടി മാത്രമാണ് കേരളത്തിന് കേന്ദ്രത്തിെൻറ സംഭാവന.
നിലവിലെ സാഹചര്യത്തിൽ കേരളത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. പിന്നീട് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയം ഒൗദ്യോഗികമായി തന്നെ ഇക്കാര്യം വിശദീകരിച്ചു. വെള്ളപ്പൊക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നതായും നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ തന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നൽകാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശ സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനാവുക. ഇതിൽ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവൻമാർക്ക് സംഭാവന നൽകാൻ കഴിയുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
എന്താണ് ഇൗ നയം?
ഇന്ത്യ തുടർന്നു വരുന്ന നയമാണ് വിദേശ സഹായം സ്വീകരിക്കാതിരിക്കാൻ കാരണമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 2004 മുതൽ ഇന്ത്യ വിദേശ ധനസഹായം സ്വീകരിക്കാറില്ല. തമിഴ്നാട് തീരത്തും ആൻഡമാൻ നിക്കോബാറിലും സുനാമി വീശിയടിച്ച് 12000ത്തോളം ആളുകൾ മരിക്കുകയും ആറ് ലക്ഷത്തോളം ആളുകൾ മാറ്റി പാർപ്പിക്കപ്പെടുകയും െചയ്ത ദുരന്തത്തെ തുടർന്ന് 2004ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് ആണ് ദുരന്ത നിവാരണ നയത്തിന് അന്തിമ രൂപം നൽകിയത്.
ഇൗ സാഹചര്യത്തെ സ്വയം വിജയകരമായി മറി കടക്കാൻ നമ്മൾക്ക് സാധിക്കുമെന്നും ആവശ്യമെങ്കിൽമാത്രം അവരുടെ സഹായം തേടാമെന്നു മായിരുന്നു വിദേശ സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് മൻമോഹൻസിങിെൻറ നിലപാട്. ഇൗ നയമാണ് തങ്ങൾ പിന്തുടരുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

അതേ സമയം, ദുരിത ബാധിതരെ സഹായിക്കാൻ സ്വമേധയാ ഏതെങ്കിലും രാജ്യം സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെങ്കിൽ അത് കേന്ദ്ര സർക്കാറിന് സ്വീകരിക്കാവുന്നതാണെന്ന് ദേശീയ ദുരന്ത നിവാരണ നയത്തിൽ വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.