ശിക്ഷയുടെ മൂന്നിലൊന്ന് കാലയളവ് പിന്നിട്ട വിചാരണ തടവുകാർക്ക് മോചനം
text_fieldsന്യൂഡൽഹി: ആദ്യ ക്രിമിനൽ കേസിൽ ശിക്ഷാ കാലയളവിന്റെ മൂന്നിലൊന്ന് ജയിലിൽ കഴിഞ്ഞ മുഴുവൻ വിചാരണ തടവുകാരെയും വിട്ടയക്കാൻ സുപ്രീംകോടതി നിർദേശം. രാജ്യത്തെ ക്രിമിനൽ നിയമ വ്യവസ്ഥ പൊളിച്ചെഴുതി കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ബി.എൻ.എസ്.എസ് (ഭാരതീയ നാഗരിക് സുരക്ഷ സൻഹിത) 479ാം വകുപ്പിന് മുൻകാല പ്രാബല്യം നൽകിയാണ് ജസ്റ്റിസുമാരായ ഹിമ കൊഹ്ലി, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ഹീനമായ കുറ്റകൃത്യമല്ലാത്ത കേസുകളിലാണ് ഈ ഇളവ് വ്യവസ്ഥ ചെയ്തതെന്നും ഇത്തരത്തിലുള്ള എല്ലാ വിചാരണ തടവുകാരെയും മോചിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിടണമെന്നും രാജ്യത്തെ എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും സുപ്രീംകോടതി നിർദേശം നൽകി. ഈ വിചാരണ തടവുകാർ ഈ ദീപാവലിയെങ്കിലും സ്വന്തം കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കട്ടെയെന്ന് കോടതി അഭിപ്രായപ്പെട്ടു.
ആദ്യമായാണ് പുതിയ ക്രിമിനൽ നിയമത്തിലെ ഒരു വ്യവസ്ഥക്ക് ഇത് നിലവിൽ വന്ന ജൂലൈ ഒന്നിന് മുമ്പെയുള്ള കേസുകളിൽ മുൻകാല പ്രാബല്യം നൽകുന്നത്. ഐ.പി.സി, സി.ആർ.പി.സി, ഐ.ഇ.എ എന്നിവക്ക് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ അതിസൻഹിത എന്നിവ ഈ വർഷം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. ആദ്യമായി ക്രിമിനൽ കേസിൽ പ്രതികളാക്കപ്പെട്ട വിചാരണ തടവുകാരുടെ മോചന കാര്യത്തിൽ പുതിയ നിയമത്തിലുള്ള അനുകൂല വ്യവസ്ഥക്ക് മുൻകാല പ്രാബല്യം നൽകാമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യഭാട്ടി വെള്ളിയാഴ്ച ബോധിപ്പിച്ചിരുന്നു.
തുടർന്ന്, അറസ്റ്റിലാകുകയും ജയിലിലടക്കപ്പെടുകയും ചെയ്ത തീയതി നോക്കാതെ ഇത്തരം തടവുകാരെ മോചിപ്പിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ഈ വിചാരണ തടവുകാരുടെ മോചനത്തിനുള്ള അപേക്ഷ രണ്ട് മാസത്തിനകം തയാറാക്കി കോടതിയിൽ സമർപ്പിച്ച് ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാനാണ് രാജ്യത്തെ എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും നൽകിയ നിർദേശം. ബി.എൻ.എസ്.എസ് 479ാം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അത്തരം അപേക്ഷകളെന്നും ബെഞ്ച് വ്യക്തമാക്കി.
ആദ്യ കുറ്റകൃത്യമല്ലാത്തവരുടെ കേസുകളിൽ പ്രതികൾ ശിക്ഷാ കാലാവധിയുടെ പകുതി വിചാരണ തടവുകാരായി ജയിലിൽ കഴിച്ചുകൂട്ടിയെങ്കിൽ അവരുടെയും മോചനത്തിന് നിർദേശം നൽകണമെന്നും അതും ഹീനമായ കുറ്റകൃത്യങ്ങളല്ലാത്ത കേസുകളാകണമെന്നും എ.എസ്.ജി ബോധിപ്പിച്ചു. ഈ രണ്ട് വിഭാഗത്തിൽപ്പെടുന്ന വിചാരണ തടവുകാരുടെ തൽസ്ഥിതി റിപ്പോർട്ട് രണ്ട് മാസത്തിന് ശേഷം സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.