Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റാർലിങ്കിനെ വെല്ലാൻ ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ഒരുങ്ങുന്നു

text_fields
bookmark_border
സ്റ്റാർലിങ്കിനെ വെല്ലാൻ ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ഒരുങ്ങുന്നു
cancel

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ബദലായി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല ഒരുക്കാൻ റിലയൻസ് ഗ്രൂപ്പ്. 2035നകം 1,600 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ശൃംഖല സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യൻ ഉപഗ്രഹ നിർമാണ കമ്പനികളുമായും സാങ്കേതിക സ്റ്റാർട്ടപ്പുകളുമായും വൻകിട വ്യവസായ ഗ്രൂപ്പുകളുമായും കമ്പനി ചർച്ച നടത്തിവരികയാണ്.

നിലവിൽ ഇന്ത്യയിൽ പ്രതിവർഷം 15ൽ താഴെ ഉപഗ്രഹങ്ങളാണ് നിർമിക്കുന്നത്. എന്നാൽ റിലയൻസിന്റെ പദ്ധതി നടപ്പാക്കാൻ വർഷം ഏകദേശം 200 ഉപഗ്രഹങ്ങൾ നിർമിക്കേണ്ടിവരും. അതിനാൽ ആഭ്യന്തര ഉപഗ്രഹ നിർമാണ ശേഷി വർധിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.

ആഭ്യന്തര നിർമാണത്തിനൊപ്പം കുറഞ്ഞത് 400 ഉപഗ്രഹങ്ങൾ അമേരിക്കയിൽനിന്ന് വാങ്ങാനും പദ്ധതിയുണ്ട്. ഇതിനായി രണ്ട് അമേരിക്കൻ കമ്പനികളുമായി ചർച്ച നടക്കുകയാണ്. 2027 സെപ്റ്റംബറിൽ പരീക്ഷണ വിക്ഷേപണം നടത്താനും 2028ന്റെ തുടക്കത്തിൽ വിപുലമായ വിക്ഷേപണങ്ങൾ ആരംഭിക്കാനുമാണ് ലക്ഷ്യം. നേരത്തെ 2030നകം പദ്ധതി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിർമാണത്തിലെയും വിക്ഷേപണത്തിലെയും പരിമിതികൾ കാരണം സമയപരിധി 2035ലേക്ക് നീട്ടുകയായിരുന്നു.

ഇന്ത്യയിലുടനീളം ഇന്റർനെറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനാണ് ശൃംഖല പ്രധാനമായും ഉപയോഗിക്കുക. വിദൂര പ്രദേശങ്ങളിലും നിലവിൽ മികച്ച ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളിലും കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. രാജ്യാന്തര സംഘർഷങ്ങളുടെയും അതിർത്തി തർക്കങ്ങളുടെയും സാഹചര്യങ്ങളിൽ തന്ത്രപ്രധാന ആശയവിനിമയത്തിനും സംവിധാനം പ്രയോജനപ്പെടുത്താനാകും.

എന്നാൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ആവശ്യമായ റോക്കറ്റ് വിക്ഷേപണ ശേഷി വർധിപ്പിക്കേണ്ടത് വലിയ വെല്ലുവിളിയാണ്. നിർമാണശേഷി നിക്ഷേപത്തിലൂടെ വർധിപ്പിക്കാമെങ്കിലും ആവശ്യത്തിന് വിക്ഷേപണങ്ങൾ ഉറപ്പാക്കുക എളുപ്പമല്ലെന്ന് ഉപഗ്രഹ നിർമാണ കമ്പനിയായ ഹെക്സ്20യുടെ സി.ഇ.ഒ അമൽ ചന്ദ്രൻ ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ സ്റ്റാർലിങ്കിന് നിയന്ത്രണ-സുരക്ഷാ അനുമതികൾ ആവശ്യമാണ്. വിദേശ ഉപഗ്രഹ ശൃംഖലകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്വന്തം ഉപഗ്രഹ ശൃംഖല വികസിപ്പിക്കാനുള്ള റിലയൻസിന്റെ നീക്കം തന്ത്രപ്രധാനമാണ്.

നിലവിൽ 10,000ത്തിലധികം ഉപഗ്രഹങ്ങളുള്ള ആഗോള ശൃംഖലയാണ് സ്റ്റാർലിങ്കിനുള്ളത്. അതേസമയം, റിലയൻസിന്റെ പദ്ധതി പ്രധാനമായും ഇന്ത്യയുടെ കണക്റ്റിവിറ്റി, സുരക്ഷാ ആവശ്യങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ വളർച്ചയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reliance Plans Indigenous Starlink Rival
Next Story