രജ്പുത് രാജാവിനെതിരായ പരാമർശം: രാജ്യസഭയിൽ ബി.ജെ.പി പ്രതിഷേധം
text_fieldsന്യൂഡൽഹി: രജ്പുത് രാജാവ് റാണ സംഘക്കെതിരെ ദലിത് നേതാവും സമാജ്വാദി പാർട്ടി എം.പിയുമായ രാംജി ലാൽ സുമൻ നടത്തിയ പരാമർശത്തിൽ രാജ്യസഭയിൽ ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം. ലാൽ സുമൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തെ തുടർന്ന് സഭ അരമണിക്കൂർ പിരിഞ്ഞു.
റാണ സംഘ ചതിയനായിരുന്നു എന്നായിരുന്നു മാർച്ച് 21ന് ലാൽ സുമൻ നടത്തിയ പ്രസ്താവന. ഇതിനെതിരെ കർണിസേന വിഭാഗം പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ വസതിക്കുനേരെ ആക്രമണവുമുണ്ടായി. ഇതിന് പിന്നാലെയാണ് ബി.ജെ.പി വിഷയം പാർലമെന്റിൽ ഉന്നയിച്ചത്.
വെള്ളിയാഴ്ച സഭ തുടങ്ങിയ ഉടൻ ബി.ജെ.പി അംഗങ്ങൾ ബഹളംവെച്ചു. വിഷയത്തിൽ കോൺഗ്രസ് അടക്കം മാപ്പ് പറയണമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. റാണ സംഘ ദേശീയ നായകനാണെന്നും അദ്ദേഹത്തിനെതിരായ പരാമർശങ്ങൾ അവഹേളനപരവും ആക്ഷേപകരവുമാണെന്നും രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുമ്പോൾ അംഗങ്ങൾ ജാഗ്രത പാലിക്കുകയും അന്തസ്സ് കാത്തുസൂക്ഷിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാലെ സംസാരിക്കാൻ എഴുന്നേറ്റ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തങ്ങളുടെ പാർട്ടി രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കുന്നുണ്ടെന്നും സുമന്റെ വീട് ആക്രമിച്ചത് ദലിത് ആയതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടിയതോടെ ചർച്ച ദലിത്- രജ്പുത് വിഷയമായി മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.