കരുതൽമേഖല: കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും
text_fieldsന്യൂഡൽഹി: സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കരുതൽമേഖല (ബഫർസോൺ) വേണമെന്ന സുപ്രീംകോടതി വിധിക്ക് വ്യക്തത തേടി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ലോക്സഭയിൽ അറിയിച്ചു.ഇക്കാര്യത്തിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ വന്യജീവികളും മനുഷ്യനുമായുണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രായോഗികമായ വഴി അതാതു സംസ്ഥാനങ്ങളിൽ തീരുമാനിക്കപ്പെടണമെന്നും കേന്ദ്രത്തിന് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും ആനയെ എഴുന്നെള്ളിക്കുന്നതിനു വിലക്കേർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് എൻ.കെ. പ്രേമചന്ദ്രനെ മന്ത്രി അറിയിച്ചു. അതേസമയം, ആനകളുടെ പരിപാലനത്തിന് മുന്നോട്ടുവെച്ചിട്ടുള്ള നിലവിലെ ചട്ടങ്ങൾ പാലിക്കപ്പെടണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കരുതൽ മേഖലയുമായി ബന്ധപ്പെട്ട കോടതിവിധി ഉയർത്തിയ ആശങ്കകൾ മുൻനിർത്തി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരളം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും പലപ്പോഴും മനുഷ്യത്വപരമാകുന്നില്ലെന്ന് ചർച്ചയിൽ ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേരളത്തിൽ 10 വർഷത്തിനിടയിൽ 1200ലധികം ആളുകളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 34000ലധികം വന്യജീവി ആക്രമണങ്ങൾ ഉണ്ടായി. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണം.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് മനുഷ്യർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ശക്തമായ ഇടപെടലുകളും നിയമനിർമാണവും വേണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. വന്യജീവി ആക്രമണം വലിയ തോതിൽ വർധിച്ചു. കേരളത്തിൽ തെരുവു നായ ആക്രമണവും രൂക്ഷമായി. കാട്ടുപന്നിയെ വിള നശിപ്പിക്കുന്ന ക്ഷുദ്രജീവിയായി കണക്കാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം കേന്ദ്രമന്ത്രാലയം തള്ളുകയാണുണ്ടായത്.
കരുതൽ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം അടിയന്തരമായി നൽകണമെന്ന് എ.എം. ആരിഫ് ആവശ്യപ്പെട്ടു.
കൃഷിയിടങ്ങൾ നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാറുകൾക്കുകൂടി നൽകണമെന്നും ആരിഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.