മേഘാലയ, അസം; ‘ഇൻഡ്യ’ സഖ്യത്തിൽ വിള്ളൽ
text_fieldsഷില്ലോങ്: മേഘാലയയിലും അസമിലും ‘ഇൻഡ്യ’ സഖ്യത്തിൽ വിള്ളൽ; ഘടകകക്ഷികൾ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
മേഘാലയയിലെ തുറ മണ്ഡലത്തിൽ സെനിത് എം. സാങ്മയെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അസമിലെ ബർപേട്ട മണ്ഡലത്തിൽ സി.പി.എമ്മും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നിലവിലെ എം.എൽ.എ മനോരഞ്ജൻ തലൂക്ദാറാണ് ഇവിടെ മത്സരിക്കുക.
ഭരണകക്ഷിയായ നാഷനൽ പീപ്ൾസ് പാർട്ടിയുടെ അഗത കെ. സാങ്മയാണ് തുറയിലെ നിലവിലെ എം.പി. ഇത്തവണ ഇദ്ദേഹത്തിനുപകരം സലേങ് എ. സാങ്മയെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
അസമിലെ ബർപേട്ട ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സി.പി.എം, കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസിലെ അബ്ദുൽ ഖലീഖാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നത്. എന്നാൽ, ഇത്തവണ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ചു. ദീപ് ബയാനാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
ഇൻഡ്യ സഖ്യത്തിന്റെ മാതൃകയിൽ സംസ്ഥാനത്ത് രൂപവത്കരിച്ച 16 പാർട്ടികളുടെ മുന്നണിയായ ഐക്യ പ്രതിപക്ഷ ഫോറത്തിലെ അംഗമാണ് സി.പി.എം. സഖ്യത്തിലെ മറ്റൊരംഗമായ ആം ആദ്മി പാർട്ടിയും അസമിലെ മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐയും ഏതാനും സീറ്റുകളിൽ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അരുണാചൽ നിയമസഭയിലേക്ക് ബി.ജെ.പി ഒറ്റക്ക്
ന്യൂഡൽഹി: അരുണാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലേക്കും ബി.ജെ.പി ഒറ്റക്ക് മത്സരിക്കും. പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച 60 സ്ഥാനാർഥികളുടെയും പട്ടിക ബി.ജെ.പി പുറത്തുവിട്ടു. മുഖ്യമന്ത്രി പേമ ഖണ്ഡു പട്ടികവർഗ മണ്ഡലമായ മുക്തോയിൽ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു അടക്കമുള്ളവർക്കൊപ്പം മുന്നണിയായി മത്സരിച്ച ബി.ജെ.പി ഒറ്റക്ക് 41 മണ്ഡലങ്ങൾ പിടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.