'എന്‍റെ ഹോട്ടലിലെ ശൗചാലയങ്ങൾ ഇപ്പോഴും ഞാൻ വൃത്തിയാക്കാറുണ്ട്' - ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ
text_fieldsരാജ്യത്തെ പ്രമുഖ ശൃംഖലകളിലൊന്നായ ഓയോയുടെ സ്ഥാപകനും ഇപ്പോഴത്തെ സി.ഇ.ഒയുമാണ് റിതേഷ് അഗർവാൾ. 2024 ലെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളുകൂടിയായ റിതേഷിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
താനിപ്പോഴും തന്‍റെ ഹോട്ടലുകളിലെ ശൗചാലയങ്ങൾ വൃത്തിയാക്കാറുണ്ടെന്നാണ് റിതേഷ് പങ്കുവെച്ചത്. രണ്ടാമത് മുംബൈ ടെക്ക് വീക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കാരമാണോ അതോ സമ്പത്ത് സൃഷ്ടിക്കാനുള്ള ആഗ്രഹമാണോ ഒരാളെ നയിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് നമ്മുടെ കാഴ്ചപാടിൽ വരുത്തേണ്ട മാറ്റത്തിന്റെ ആവശ്യകതയെകുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സംരംഭകൻ എന്ന നിലയിൽ ആദ്യ ദിവസം തന്നെ ഭയം, സംഭ്രമം, അഹംഭാവം, അഹമ്മതി തുടങ്ങിയവയെയെല്ലാം മാറ്റിനിർത്തണം. ഇവയാണ് സംരംഭക വിജയത്തിന്റെ ഏറ്റവും വലിയ ശത്രുക്കളെന്ന് അദ്ദേഹം പറഞ്ഞു.
"നിങ്ങൾ ആദ്യം നാണക്കേട് ഒഴിവാക്കണം. ഇതെന്റെ ജോലിയാണ്, മറ്റേത് അടുത്തയാളുേതാണ് എന്നെല്ലാമുള്ള ചിന്തകൾ ഇല്ലാതാക്കണം. നിങ്ങൾക്ക് അഭിമാനമാണോ സമ്പത്താണോ വേണ്ടത്? ശക്തിയായ സ്വാധീനം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നകാര്യം എനിക്ക് വളരെ വ്യക്തമാണ്." റിതേഷ് പറഞ്ഞു.
എത്ര ചെറുതാണെങ്കിലും, എല്ലാ ജോലികളും ഏറ്റെടുക്കുന്നതിൽ നിന്ന് പരമ്പരാഗത വിദ്യാഭ്യാസം ആളുകളെ പലപ്പോഴും നിരുത്സാഹപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അഭിമാനത്തേക്കാൾ സ്വാധീനത്തിന് മുൻഗണന നൽകുന്നതിലൂടെയാണ് യഥാർത്ഥ വിജയം ലഭിക്കുന്നതെന്ന് അദ്ദേഹം പരിപാടിയിൽ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.