‘സ്വാതന്ത്യ്രദിനത്തിൽ മാംസം വിൽക്കരുത്’; ഉത്തരവുമായി മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷനുകൾ
text_fieldsമുംബൈ: സ്വാതന്ത്ര്യദിനത്തിൽ മാംസം വിൽക്കരുതെന്ന് മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷനുകൾ ഉത്തരവിറക്കി. നിലവിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളാണ് ഇത്തരത്തിൽ ഉത്തരവിറക്കിയിട്ടുള്ളത്. സംഭവത്തിൽ എതിർപ്പുമായെത്തിയ പ്രതിപക്ഷം, സ്വാതന്ത്ര്യദിനത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ആരോപിച്ചു. എന്നാൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന മാറ്റമാണെന്നാണ് ബി.ജെ.പി തിരിച്ചടിച്ചത്.
മുൻ കാലങ്ങളിൽ വർഷത്തിൽ നാല് ദിവസം മഹാരാഷ്ട്രയിൽ മാംസനിരോധനം ഏർപ്പെടുത്തിയിരുന്നു. ആസാദി, ഏകാദശി, മഹാവീർ ജയന്തി, മഹാശിവരാത്രി ദിവസങ്ങളാണിവ. ഈ ദിവസങ്ങളിൽ മാംസവിൽപന പൂർണമായും നിരോധിച്ച് തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിടുകയും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയുമാണ് പതിവ്. ഉത്തരവ് ലംഘിച്ചാൽ പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിനു പുറമെയാണ് സ്വാതന്ത്ര്യദിനത്തിലും മാംസ വിൽപന വിലക്കിക്കൊണ്ട് ഏതാനും മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിറക്കിയത്.
ഗോരെഗാവ്, കല്യാൺ, ഡോംബിവാലി, ഛത്രപതി സംബാജിനഗർ, നാഗ്പുർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മാംസ വിൽപന വിലക്കിയത്. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കോൺഗ്രസ്, എൻ.സി.പി (ശരദ് പവാർ വിഭാഗം), ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തുവന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേൽ ബി.ജെ.പി കടന്നുകയറുന്നു എന്നാണ് പ്രധാന ആക്ഷേപം. നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പുമായി സാമൂഹ്യ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ 1988ൽ അന്നത്തെ കോൺഗ്രസ് സർക്കാറാണ് ഇത്തരമൊരു തീരുമാനം ആദ്യം സ്വീകരിച്ചതെന്നാണ് ബി.ജെ.പി പറയുന്നത്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ മാംസ വിൽപന വിലക്കിക്കൊണ്ട് അന്നത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനു ശേഷം മുഖ്യമന്ത്രിയായ ശരദ് പവാർ ഇത് നടപ്പാക്കി. അതുതന്നെയാണ് ഇപ്പോൾ മുനിസിപ്പൽ കോർപറേഷനുകൾ പിന്തുടരുന്നത്. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ബി.ജെ.പിക്ക് താൽപര്യമില്ലെന്നും എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.