പാർലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടം 133 കോടിയെന്ന് പേര് വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ'
text_fieldsന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലിയുള്ള പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നഷ്ടമായത് നികുതിദായകരുടെ 133 കോടിയെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രവര്‍ത്തിക്കേണ്ട സമയത്തിന്‍റെ ഭൂരിഭാഗത്തിലധികവും പ്രതിഷേധങ്ങള്‍ കാരണം നഷ്ടപ്പെട്ടതാണ് സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത് എന്നാണ് പേര് വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്.
ജൂലൈ 19നാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. അന്നുമുതല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധത്തിലാണ്. പെഗാസസ് വിവാദം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ, പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളുകയായിരുന്നു.
ഇരുസഭകളും 107 മണിക്കൂർ പ്രവർത്തിക്കേണ്ടതിൽ വെറും 18 മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 89 മണിക്കൂർ പ്രവർത്തന സമയം ഇരുസഭകളിലുമായി നഷ്ടപ്പെട്ടതായാണ് കണക്ക്. ലോക്‌സഭ 54 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ടതില്‍ വെറും ഏഴ് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാജ്യസഭയാകട്ടെ, 53 മണിക്കൂർ പ്രവർത്തിക്കേണ്ടിയിരുന്ന സ്ഥാനത്ത് വെറും 11 മണിക്കൂറും.
ഓരോ എം.പിക്കും നല്‍കുന്ന യാത്രാചെലവ് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളൊക്കെ കണക്കിലെടുത്താണ് നഷ്ടം നിശ്ചയിച്ചിരിക്കുന്നത്. ഇതാദ്യമായി പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് ദിവസേന ബുള്ളിറ്റിനുകളും പ്രവര്‍ത്തന സമയവും രേഖപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചതോടെയാണ് ഈ കണക്ക് കണ്ടെത്താൻ കഴിഞ്ഞത്. പാർലമെന്‍റ് സമ്മേളനം തടസ്സപ്പെടുത്തിയതു കോൺഗ്രസാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ച് നാല് ദിവസം കഴിയുമ്പോഴാണു പേരു വെളിപ്പെടുത്താത്ത 'സർക്കാർ വൃത്തങ്ങൾ' കണക്കുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.