ആഭ്യന്തര മന്ത്രിയെ സഭയിലേക്ക് വിളിപ്പിക്കണം; അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ
text_fieldsന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നടപടിയുമായി രാജ്യസഭാധ്യക്ഷൻ. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർദേശം നൽകി.
ആഭ്യന്തര മന്ത്രിക്ക് സഭയിൽ വരാൻ താൽപര്യമുണ്ടെങ്കിൽ വരട്ടെയെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെച്ചു.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന ആവശ്യം. അതേസമയം, മണ്ഡല പുനർനിർണയ ബില്ല് കൊണ്ടുവരാൻ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി. പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കാനോ വർഷകാല സമ്മേളനത്തിന്റെ ദിനങ്ങൾ വർധിപ്പിക്കാനോ ഉദ്ദേശമില്ലെന്ന് കേന്ദ്ര പാർലമെൻറികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പൊലീസ് നടപടിയെത്തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. സമരക്കാരായ വിദ്യാർഥികൾക്ക് നേരെ പെല്ലെറ്റ് ഗണ്ണും ലാത്തിയും പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സഭയിൽ ശക്തമായ നിലപാടാണ് സഭയിൽ നടത്തികൊണ്ടിരിക്കുന്നത്.
ജൂലൈ 20ന് നടന്ന വിദ്യാർഥി മാർച്ചിൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തര മന്ത്രി മാപ്പ് പറയുക, .വിദ്യാർത്ഥികൾക്കെതിരായ ബലപ്രയോഗത്തിൽ അമിത് ഷാ നേരിട്ട് സഭയിൽ വിശദീകരണം നൽകുക, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കുക തുടങ്ങിവയാണ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നത്. പാർലമെന്റ് സമ്മേളനങ്ങളിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ചോദ്യങ്ങളോടുള്ള സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സമീപനത്തെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വിമർശിച്ചു. സഭയിൽ ചർച്ചകളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടയിലാണ് രാജ്യസഭാധ്യക്ഷന്റെ ഭാഗത്തുനിന്ന് അസാധരണ നീക്കമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

