ഒ.ടി.ടി ഉള്ളടക്കങ്ങളിൽ നിയന്ത്രണം വേണം: സെൻസർ ബോർഡ് മാതൃകയിൽ അനൗദ്യോഗിക സമിതി രൂപവത്കരിച്ച് ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനും സമൂഹത്തിൽ പടരുന്ന ‘സാംസ്കാരിക മലിനീകരണം’ തടയുന്നതിനുമായി ആർ.എസ്.എസ് അനൗദ്യോഗിക സമിതി രൂപീകരിച്ചു. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, വിദ്യാഭ്യാസം, സാംസ്കാരിക മേഖല എന്നിവയിൽ പ്രവർത്തിക്കുന്ന പ്രചാരകരും മുൻ വൈസ് ചാൻസലർമാരും അടങ്ങുന്നതാണ് ഈ പാനൽ. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന അനാവശ്യവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ തടയുന്നതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും മറ്റ് നിർണായക വിഭാഗങ്ങൾക്കും സമർപ്പിക്കാനായി ഒരു സമഗ്ര നിർദേശം സമിതി തയാറാക്കിവരികയാണ്.
ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ചെറുപ്പക്കാരിലും കുടുംബങ്ങളിലും ധാർമിക അധഃപതനത്തിന് കാരണമാകുന്നുവെന്നാണ് സംഘ് ഭാരവാഹികളുടെ വിലയിരുത്തൽ. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് ഉള്ളതുപോലെ ഒ.ടി.ടി ഉള്ളടക്കങ്ങൾക്കും സെൻസർ ബോർഡ് മാതൃകയിലുള്ള ശക്തമായ സംവിധാനം ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. 2024 ഒക്ടോബർ 12ന് നാഗ്പൂരിൽ നടന്ന വിജയദശമി പ്രസംഗത്തിൽ, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങൾ സാംസ്കാരിക തകർച്ചക്ക് കാരണമാകുന്നുവെന്നും ഇത് നിയമത്തിലൂടെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് വ്യക്തമാക്കിയിരുന്നു.
നിലവിൽ, തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ഇത്തരം പ്രീ-സർട്ടിഫിക്കേഷൻ സംവിധാനങ്ങളില്ല. പകരം, ഇൻഫർമേഷൻ ടെക്നോളജി റൂൾസ് വഴിയാണ് ഇവ ഭരിക്കപ്പെടുന്നത്. സിനിമകൾക്കുള്ളതുപോലെ കൃത്യമായ സർട്ടിഫിക്കേഷൻ സംവിധാനമില്ലാത്തത് നിയമപരമായ ഇടവേളകൾക്ക് ഇടയാക്കുന്നുണ്ടെന്നും, ഇത് ഡിജിറ്റൽ മാധ്യമങ്ങളിൽ അശ്ലീലത വർധിക്കാൻ കാരണമാകുന്നുണ്ടെന്നുമാണ് പ്രധാന വിമർശനം.
അതേസമയം, നിയമലംഘനം നടത്തുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ നേരത്തെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ലോക്സഭയിൽ വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുഗൻ വ്യക്തമാക്കിയതനുസരിച്ച്, അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിച്ചതിനും സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം ലംഘിച്ചതിനും കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50 ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് രാജ്യത്ത് വിലക്കിയത്. നിയമവിദഗ്ദ്ധരുമായും സാംസ്കാരിക പ്രവർത്തകരുമായും കൂടുതൽ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും ആർ.എസ്.എസ് പാനൽ തങ്ങളുടെ അന്തിമ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

