ട്രംപിനെതിരെ രാജ്‌നാഥ് സിങ്: ഇന്ത്യയുടെ വളർച്ച അംഗീകരിക്കാൻ ‘സബ്‌കെ ബോസിന്’ കഴിയുന്നില്ലെന്ന്
text_fieldsന്യൂഡൽഹി: ഇതുവരെ രാജ്യത്തിന്റെ ഉറ്റ സുഹൃത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച ഡോണൾഡ് ട്രംപിനെ തള്ളിപ്പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ആഗോള ശക്തികൾ അസൂയപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ട്രംപിന്റെ തീരുവകളെ സിങ് രൂക്ഷമായി വിമർശിച്ചു. സിങ് ട്രംപിനെ ‘സബ്‌കെ ബോസ്’ പരാമർശത്തിലൂടെ പരിഹസിക്കുകയും ചെയ്തു.
ഇന്ത്യൻ നിർമിത ഉൽപന്നങ്ങൾ കൂടുതൽ ചെലവേറിയതാക്കി മറ്റ് രാജ്യങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി പുതിയ തീരുവയെ വിശേഷിപ്പിച്ചു. ഇന്ത്യ ഒരു സൂപ്പർ പവറായി മാറുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും മധ്യപ്രദേശിൽ നടന്ന ഒരു പൊതുപരിപാടിയിൽ സിങ് അവകാശപ്പെട്ടു.
‘ചിലർക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയുന്നില്ല. അവർ അത് നന്നായി എടുക്കുന്നില്ല. ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ പുരോഗമിക്കുന്നത്?' ഇന്ത്യയിൽ നിർമിച്ച ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ അവ കൂടുതൽ ചെലവേറിയതാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്’.
റെയ്‌സെൻ ജില്ലയിലെ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഓപ്പറേഷൻ ‘സിന്ദൂറി’നെയും പ്രതിരോധമന്ത്രി പരാമർശിച്ചു. ഇന്ത്യ ലോകത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രകോപനം സഹിക്കില്ലെന്നും പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സേന തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ചു. നമ്മുടെ പ്രതിരോധ ഉൽപാദനവും കയറ്റുമതിയും അഭൂതപൂർവമായ വേഗതയിൽ വളരുകയും റെക്കോർഡ് നിരക്കുകളിൽ എത്തുകയും ചെയ്തു. ഇത് പുതിയ ഇന്ത്യയുടെ പുതിയ പ്രതിരോധ മേഖലയാണെന്നും സിങ് അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.