സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് 20 വർഷം; പ്രധാന ശിപാർശകൾ പോലും നടപ്പായില്ല
text_fieldsജസ്റ്റിസ് രജീന്ദർ സച്ചാർ, പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുറന്നുകാട്ടിയ ജസ്റ്റിസ് രജീന്ദർ സിങ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ട് 20 വർഷം പൂർത്തിയായി.
2006 നവംബർ 17ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി നടപ്പായിട്ടില്ലെന്ന വിമർശനം ശക്തമാണ്.
സച്ചാർ അധ്യക്ഷനായ ഏഴംഗ ഉന്നതതല സമിതി രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സ്ഥിതിഗതികൾ പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. 403 പേജുള്ളതായിരുന്നു റിപ്പോര്‍ട്ട്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ കുറഞ്ഞ പങ്കാളിത്തം, സർക്കാർ സർവിസുകളിലെ പ്രാതിനിധ്യക്കുറവ്, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ലഭ്യതയിലും പിന്നാക്കാവസ്ഥയുണ്ടെന്ന് സമിതി കണ്ടെത്തി.
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് ഘടനാപരമായ കാരണങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് നിർദേശിച്ചു.
നാഷനൽ ഡാറ്റാ ബാങ്ക്, തുല്യാവസര കമീഷൻ, ഡൈവേഴ്സിറ്റി ഇൻഡക്സ് എന്നിവ രൂപവത്കരിക്കണമെന്നതായിരുന്നു പ്രധാന ശിപാർശകൾ. പിന്നാക്കാവസ്ഥയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് വികസനപദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സമിതി നിർദേശിച്ചിരുന്നു.
റിപ്പോർട്ടിലെ 72 ശിപാർശകൾ സർക്കാർ അംഗീകരിക്കുകയും 43 തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, ബഹുമേഖലാ വികസന പദ്ധതി തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കി.
എന്നാൽ, ദേശീയതലത്തിൽ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഫലപ്രദമായി രൂപപ്പെട്ടില്ല. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നിർത്തലാക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തു.
അതേസമയം, സച്ചാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെ ‘മുസ്‌ലിം പ്രീണനം’ എന്ന രാഷ്ട്രീയ ആരോപണത്തിലേക്ക് ചുരുക്കുന്ന പ്രവണതയും ചില ഭാഗത്തു നിന്നുമുണ്ടായി.
ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന സച്ചാർ 2018 ഏപ്രിൽ 20 ന് അന്തരിച്ചു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അധ്യക്ഷനും ആയിരുന്നു.

