മാലേഗാവ് സ്ഫോടനം: ‘മകോക’ ഒഴിവാക്കി പ്രതികൾക്കെതിരെ കുറ്റം ചുമത്തി
text_fieldsമുംബൈ: മാേലഗാവ് സ്ഫോടനക്കേസില്‍ സാധ്വി പ്രജ്ഞ സിങ് ഠാകുര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട.മേജര്‍ രമേശ് ഉപാധ്യായ്, സന്യാസി ദയാനന്ദ് പാണ്ഡെ എന്നിവരടക്കമുള്ള ഒമ്പതുപ്രതികൾക്കെതിരെ കടുത്ത നിയമമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ഒഴിവാക്കി പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. 2008ൽ നടന്ന സ്ഫോടനത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
പ്രതികൾക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയൽ നിയമത്തിലെ(യു.എ.പി.എ) ഭീകര പ്രവര്‍ത്തനത്തിന് ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം നടത്തൽ എന്നീ വകുപ്പുകള്‍ ചുമത്തി. എന്നാല്‍, ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം, ഭീകരസംഘടനയില്‍ അംഗത്വം തുടങ്ങിയ യു.എ.പി.എ വകുപ്പുകൾ കോടതി ഒഴിവാക്കി. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തി. എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ച് മൂന്നുപേരെ കേസില്‍നിന്ന് ഒഴിവാക്കി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എ.ടി.എസ്) കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമായതിനാല്‍ സാധ്വി പ്രജ്ഞ സിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന എന്‍.ഐ.എയുടെ വാദം കോടതി തള്ളി. തെൻറ ബൈക്ക് സ്ഫോടനത്തിന് ഉപയോഗിക്കുമെന്ന് അറിയാമായിരുന്ന പ്രജ്ഞ സിങ്ങിനെ ഗൂഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രവീണ്‍ തകല്കി, ശ്യാംലാല്‍ സാഹു, ശിവ്നാരായണ്‍ കല്‍സങ്കര എന്നിവരെയാണ് കേസിൽനിന്ന് ഒഴിവാക്കിയത്. കുറ്റം ചുമത്തിയെങ്കിലും നിലവില്‍ ജാമ്യം ലഭിച്ചവര്‍ക്ക് ജാമ്യത്തില്‍ തുടരാം. ജനുവരി 15നാണ് തുടര്‍ നടപടികള്‍. മകോക നിയമം ഒഴിവാക്കിയത് പ്രതികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
കേസന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസാണ് രണ്ട് പിടികിട്ടാപ്പുള്ളികളുൾപ്പെടെ 14 പേർക്കെതിരെ മകോക, യു.എ.പി.എ നിയമങ്ങള്‍ ചുമത്തി 2009ല്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ മുമ്പ് സമാന കേസുകളില്‍ ഉൾപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗ വാദം അംഗീകരിച്ച മകോക കോടതി 2009ല്‍തന്നെ ‘മകോക’ നിയമം ഒഴിവാക്കിയിരുന്നു.
എന്നാല്‍, 2010ൽ ബോംബെ ഹൈകോടതി ഇതു തള്ളി. 2011ലാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.
പ്രതികളോട് മൃദുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് 2015ല്‍ എന്‍.ഐ.എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രജ്ഞ സിങ് അടക്കം ആറുപേരെ ഒഴിവാക്കണമെന്നും മകോക തുടരാനാവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചത്.
ഭോപ്പാലില്‍ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എ.ടി.എസ് കണ്ടെത്തിയ തെളിവുകള്‍ കാണാതായ സംഭവവുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.