‘വഖഫ് ഭൂമി പിടിച്ചെടുക്കുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്യുന്നു, അടിയന്തര സ്റ്റേ വേണം’; സമസ്ത വീണ്ടും സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളിന്മേല് ഇടക്കാല സംരക്ഷണം നീട്ടുക, വാദം പൂര്‍ത്തിയായ കേസില്‍ എത്രയും വേഗം ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമസ്ത കേരള ജംഇയ്യതുല്‍ ഉമല സുപ്രീംകോടതിയില്‍. വിവാദ വഖഫ് നിയമഭേദഗതി സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെ, വിവിധ സംസ്ഥാനങ്ങളില്‍ വഖഫ് ഭൂമി പിടിച്ചെടുക്കുകയും വഖഫ് ചെയ്യപ്പെട്ട ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്.
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ മേയിൽ വാദംപൂര്‍ത്തിയായി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയച്ച സമയത്ത് കേസില്‍ ഇടക്കാല വിധി വരുന്നതുവരെ തൽസ്ഥിതി തുടരുമെന്നും വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയോ പൊളിക്കുകയോ ഉണ്ടാകില്ലെന്നും കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു.
എന്നാൽ, വിധി പറയാനായി മാറ്റിവെച്ച കേസിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ വഖഫ് സ്വത്തുക്കള്‍ക്കുമേല്‍ വ്യാപക കൈയേറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി
കഴിഞ്ഞ മേയ് മാസത്തിലാണ് വഖഫ് നിയമത്തിനെതിരായ ഹരജികളിൽ വാദം പൂർത്തിയാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിയത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ ഏപ്രിലിൽ പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യുകയോ കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തുകയോ ചെയ്യില്ലെന്നും ഏപ്രിൽ 17ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പു നൽകി.
ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്, എ.പി.സി.ആര്, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന് സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
അതേസമയം, വഖഫ് ഇസ്ലാം മതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന നിലപാടാണ് കേസിന്റെ വിചാരണവേളയിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ഉപയോഗത്തിലൂടെയുള്ള വഖഫ് ഒരിക്കൽ ഭരണകൂടം കൊടുത്ത അവകാശമാണ്. നിയമം വഴി അംഗീകരിച്ച അവകാശം മറ്റൊരു നിയമത്തിലൂടെ സർക്കാറിന് തിരിച്ചെടുക്കാമെന്നും മൗലികാവകാശം ലഭിക്കില്ലെന്നുമാണ് സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചത്.
ഹിന്ദു എൻഡോവ്മെന്റ് സ്വത്ത് മതപരമായ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ, ഇസ്ലാം മതത്തിലെ വഖഫ് മതകാര്യങ്ങൾക്കും സ്കൂൾ പോലെ അല്ലാത്തവക്കും ഉപയോഗിക്കാം. അതിനാലാണ് വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതെന്നും ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് സോളിസിറ്റർ ജനറൽ മറുപടി നൽകി.
വഖഫ് ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര വഖഫ് കൗൺസിലിൽ 22 അംഗങ്ങളാണുള്ളത്. ഇതിൽ പരമാവധി നാല് പേരാണ് അമുസ്ലിംകൾ. സംസ്ഥാന വഖഫ് ബോർഡുകളിലെ 11 അംഗങ്ങളിൽ മൂന്നുപേർവരെ അമുസ്ലിംകളാകാം. അതിനാൽ, അമുസ്ലിം അംഗങ്ങൾ ന്യൂനപക്ഷമാണ്. വഖഫ് ബോർഡുകളിൽ ഇതരമതസ്ഥർ അംഗമാകുന്നത് അതിന്റെ സ്വഭാവത്തെ മാറ്റുന്നില്ല. അവർ ബോർഡിന്റെ ഭാഗമാകുന്നത് മതേതര സംവിധാനം നിലനിർത്തുമെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
സംരക്ഷിത സ്മാരകങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ്. പല പുരാതന സ്മാരകങ്ങളും പിന്നീട് വഖഫുകളായി പ്രഖ്യാപിക്കപ്പെട്ടതാണ്. വഖഫ് അംഗങ്ങൾ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് പുരാതന സ്മാരകങ്ങളുടെ സംരക്ഷണത്തെ ബാധിക്കുന്നു. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ വഖഫ് അതിന്റെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമായ ഒരു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കരുതെന്ന് മാത്രമേ ഭേദഗതിയിലെ സെക്ഷൻ മൂന്ന് ഡി പറയുന്നുള്ളൂ. മതപരമായ ആവശ്യത്തിനായി ഉപയോഗിക്കുകയാണെങ്കിൽ അത് തുടരും. സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ മതപരമായ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന വാദം തെറ്റാണെന്നും കേന്ദ്രം വാദിച്ചു.
ഭേദഗതി നിയമത്തിലെ സെക്ഷൻ മൂന്ന് (ഇ) ആദിവാസി ഭൂമി സംരക്ഷിക്കാൻ ലക്ഷമിട്ടിട്ടുള്ളതാണ്. പട്ടികവർഗ-ആദിവാസി ഭൂമിയുടെ സംരക്ഷണം ഭരണഘടനയുടെ പ്രധാന ഉത്തരവാദിത്തമാണ്. സർക്കാർ ഭൂമിയാണോ എന്ന തർക്കത്തിൽ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും എന്നാൽ ഉടമസ്ഥാവകാശം തീരുമാനിക്കാൻ കോടതിക്കേ കഴിയൂ എന്നും തുഷാർ മേത്ത വ്യക്തമാക്കി. ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.