സംഭൽ സംഘർഷം: സമാജ്വാദി പാർട്ടി എം.പിക്ക് കുറ്റപത്രം
text_fieldsസംഭൽ (യു.പി): കഴിഞ്ഞ വർഷം നവംബറിൽ സംഭൽ ശാഹി ജുമാ മസ്ജിദിന് സമീപമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി എം.പി സിയാവുർഹ്മാൻ ബർഖിനും മറ്റ് 22 പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. ഷാഹി ജുമാ മസ്ജിദ് പ്രസിഡന്റ് സഫർ അലിയും ബർഖും തമ്മിൽ രാത്രി വൈകി സംഭാഷണങ്ങൾ നടന്നതായി കുറ്റപത്രത്തിലുണ്ട്.
വ്യാപകമായ സംഘർഷത്തിന് രണ്ട് ദിവസം മുമ്പ് ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് ഇരുവരുമായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ വിഷ്ണോയ് പറഞ്ഞു.
ഇതോടെ, രജിസ്റ്റർ ചെയ്ത 12 കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റിപ്പോർട്ടുകൾ, ബാലിസ്റ്റിക് റിപ്പോർട്ടുകൾ, മറ്റ് പ്രസക്തമായ രേഖകൾ എന്നിവയുൾപ്പെടെ തെളിവുകൾ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ചന്ദുസി ജില്ല കോടതി സമുച്ചയത്തിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) എം.പി-എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സമാജ്വാദി പാർട്ടി എം.എൽ.എ ഇഖ്ബാൽ മെഹ്മൂദിന്റെ മകൻ സുഹൈൽ ഇഖ്ബാലിന് സംഭവത്തിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനാൽ അന്തിമ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി.
ശാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയെച്ചൊല്ലി കഴിഞ്ഞ നവംബർ 24 നായിരുന്നു നാട്ടുകാരും െപാലീസടക്കം ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായത്. നാലുപേർ കൊല്ലപ്പെടുകയും 29 ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.