തമിഴകം പിടിക്കാൻ സംഘ്പരിവാറിന്റെ പുതിയ തന്ത്രം; മധുരയിൽ ഇന്ന് ‘മുരുക ഭക്തജന സമ്മേളനം’
text_fieldsചെന്നൈ: ഹിന്ദുമുന്നണിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മധുരയിൽ ‘മുരുക ഭക്തജന സമ്മേളനം’ സംഘടിപ്പിക്കുന്നു. ബി.ജെ.പി, ആർ.എസ്.എസ് തുടങ്ങിയ സംഘ്പരിവാർ സംഘടനകളും ഇതിനെ പിന്തുണക്കുന്നുണ്ട്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന മുരുക ഭക്തരുടെ സമ്മേളനം പരമാവധി പ്രയോജനപ്പെടുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
അഞ്ചുലക്ഷം പേരെ അണിനിരത്തുമെന്ന് സംഘാടകർ അവകാശപ്പെടുന്ന സമ്മേളനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്രമന്ത്രിമാർ, ബി.ജെ.പിയുടെ കേന്ദ്ര -സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
22ന് വൈകീട്ട് സമ്മേളന നഗരിയിൽ ഒരേസമയത്ത് ഭക്തജനങ്ങൾ മുരുക ഭക്തിഗാനമായ ‘കന്ദ ഷഷ്ഠി കവച ശ്ലോകം’ ആലപിക്കും. ലക്ഷക്കണക്കിനാളുകൾ ഒരേ സമയത്ത് പാടുന്ന ഈ പരിപാടി ഗിന്നസ് നേട്ടം കൈവരിക്കുമെന്നാണ് ഹിന്ദു ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കിഷോർ കുമാർ പറഞ്ഞത്. സമ്മേളനത്തിലേക്ക് മുരുക ഭക്തർക്കുപുറമെ അയ്യപ്പ സേവാ, ഓം ശക്തി, സായിബാബ ഭക്തജന സംഘങ്ങളെയും ബി.ജെ.പി ക്ഷണിച്ചിരുന്നു. മുരുകൻ സമ്മേളനത്തിലൂടെ ശക്തി തെളിയിക്കണമെന്നും ഹിന്ദുമത ഐക്യത്തെ ഡി.എം.കെ ഭയപ്പെടുന്നതായും ഈയിടെ മധുരയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.