ഇ.ഡിക്കും സി.ബി.ഐക്കും സംയുക്തമേധാവി പരിഗണനയിൽ
text_fieldsന്യൂഡൽഹി: ഇ.ഡി മേധാവിയായി മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുക്കാനുള്ള ശ്രമം സുപ്രീംകോടതി തടഞ്ഞതിനെത്തുടർന്ന് പുറത്താകുന്ന സഞ്ജയ് കുമാർ മിശ്രക്കായി കേന്ദ്രസർക്കാർ പുതിയ തസ്തിക സൃഷ്ടിക്കുന്നു.
സംയുക്തസേന മേധാവിയുടെയും ദേശീയ ഉപദേഷ്ടാവിന്റെയും മാതൃകയിൽ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സി.ഐ.ഒ) തസ്തികയാണ് ഒരുങ്ങുന്നത്. സി.ബി.ഐയുടെയും ഇ.ഡിയുടെയും സംയുക്ത മേധാവിയുടെ ചുമതലയാണ് സി.ഐ.ഒക്ക്.
സ്ഥാനമൊഴിയുന്ന ഇ.ഡി മേധാവി സഞ്ജയ് കുമാർ മിശ്രയെ ആദ്യ സി.ഐ.ഒയായി നിയമിക്കാനാണ് സാധ്യത. കള്ളപ്പണം വെളുപ്പിക്കലും ഫെമ നിയമലംഘനവുമടക്കമുള്ള സാമ്പത്തിക വിഷയങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. അഴിമതിയും മറ്റ് കുറ്റങ്ങളുമാണ് സി.ബി.ഐയുടെ പരിധിയിലുള്ളത്.
രണ്ട് ഏജൻസികളുടെയും തലവനായി ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറെത്തുമ്പോൾ മികച്ച സമന്വയം കൊണ്ടുവരുമെന്നാണ് സർക്കാറിന്റെ ന്യായീകരണം. അന്വേഷണത്തിൽ സി.ബി.ഐയെയും ഇ.ഡിയെയും കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം.
കേന്ദ്രസർക്കാറിന്റെ സെക്രട്ടറി പദവിയിലായിരിക്കും പുതിയ തസ്തിക. സെപ്റ്റംബർ 15 വരെ ഇ.ഡി മേധാവിയായി തുടരാൻ സഞ്ജയ് കുമാർ മിശ്രക്ക് അടുത്തിടെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.വിരമിച്ചതിനുശേഷം കേന്ദ്രസർക്കാർ അദ്ദേഹത്തിന് ഒരുവർഷം വീതം നീട്ടിനൽകിയത് നിയമവിരുദ്ധമാണെന്നും കോടതി വിശേഷിപ്പിച്ചിരുന്നു. സെപ്റ്റംബർ 15ന് മിശ്ര സ്ഥാനമൊഴിയുന്നതിനുമുമ്പ് സി.ഐ.ഒയുടെ തസ്തിക സൃഷ്ടിച്ചേക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിൽ ഇ.ഡിയും പേഴ്‌സനൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിന് കീഴിൽ സി.ബി.ഐയും പ്രവർത്തനം തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.