ശശികല നാളെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും
text_fieldsചെന്നൈ: ജയലളിതയുടെ തോഴിയും എ.െഎ.എ.ഡി.എം.കെ സെക്രട്ടറിയുമായ ശശികല നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാടിെൻറ എട്ടാമത് മുഖ്യമന്ത്രിയായിട്ടാണ് ശശികല സത്യപ്രതിജ്ഞ ചെയ്യുന്നത്.
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ തിരുത്തുറൈപോണ്ടിയില്‍ തേവര് സമുദായത്തിലെ കള്ളാര്‍ ജാതിയില്‍പെട്ട കുടുംബത്തില്‍ 1957 ഏപ്രില്‍ ഒന്നിനായിരുന്നു ശശികലയുടെ ജനനം. പിന്നീട് തിരുവാരൂര്‍ ജില്ലയിലെ മണ്ണാര്‍കുടിയിലേക്ക് താമസം മാറി. നാലു സഹോദരങ്ങളും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പഠിപ്പ് തുടരാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. തമിഴ്നാട് സര്‍ക്കാറില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസറായിരുന്ന എം. നടരാജന് ശശികലയെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്‍െറ ഗതി മാറിയത്. അടിയന്തരാവസ്ഥക്കാലത്ത് നടരാജന് ജോലി നഷ്ടമായി. പിന്നെ കഷ്ടപ്പാടിന്‍െറ കാലമായിരുന്നു. 1980ന്‍െറ മധ്യത്തില്‍ നടരാജന് ജോലിയില്‍ തിരികെയത്തെി. അക്കാലത്തായിരുന്നു കുടുംബത്തിന് സഹായകമാകാന്‍ ശശികല വിഡിയോ പാര്‍ലര്‍ തുടങ്ങിയത്.
കല്യാണങ്ങളുടെയും ബിസിനസ് ചടങ്ങുകളുടെയും വിഡിയോ എടുത്തുനടക്കുന്ന ആ കാലത്ത് എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണവിഭാഗത്തിന്‍െറ ചുമതല മുഖ്യമന്ത്രി എം.ജി.ആര് ഏല്പിച്ചിരുന്നത് ജയലളിതയെയായിരുന്നു.
നടരാജന്‍െറ അപേക്ഷപ്രകാരം ആര്‍ക്കോട്ട് ജില്ല കലക്ടര്‍ വി.എസ്. ചന്ദ്രലേഖ ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത് മറ്റൊരു വഴിത്തിരിവായി. പാര്‍ട്ടി ചടങ്ങുകള്‍ വിഡിയോവില്‍ പകര്‍ത്തി തുടങ്ങിയ ആ ബന്ധം ജയലളിതയുടെ വിശ്വസ്തയായി അവരെ മാറ്റി. മറ്റുള്ളവര്‍ക്കു മുന്നില്‍ അടഞ്ഞുകിടഞ്ഞ പോയസ് ഗാര്‍ഡന്‍െറ കവാടം ഏതു പാതിരാത്രിയിലും ശശികലക്കു മുന്നില്‍ മലര്‍ക്കെ തുറന്നുകിടന്നു. എം.ജി.ആറിനുശേഷം പാര്‍ട്ടിയിലും ഭരണത്തിലും ജയ വെന്നിക്കൊടി പാറിച്ചു. ജനങ്ങള്‍ ജയയെ ‘അമ്മ’യായി വാഴിച്ചപ്പോള്‍ ആദരപൂര്‍വം തോഴിയെ അവര്‍ ‘ചിന്നമ്മ’ എന്നു വിളിച്ചു. ആ ബന്ധം അസാധാരണമായി വളര്‍ന്നു. എം.ജി.ആറിനുശേഷം 1991ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിചയമില്ലാത്ത ജയലളിതക്കാവശ്യമായ ഉപദേശങ്ങള്‍ ശശികലയിലൂടെ നല്‍കിയത് നടരാജനായിരുന്നു.
ജയലളിതയിലേക്കുള്ള തൂക്കുപാലമായി ശശികല മാറുന്നതാണ് തമിഴകം കണ്ടത്. അധികാരത്തിന്‍െറ മറ്റൊരു കേന്ദ്രമായി ശശികലയും നടരാജനും മാറിയതോടെ മണ്ണാര്‍ഗുഡി മാഫിയ എന്ന പേരില്‍ ഈ കേന്ദ്രം അറിയപ്പെട്ടുതുടങ്ങി. ശശികലയുടെ അനന്തരവന് സുധാകരനെ ജയ തന്‍െറ വളര്‍ത്തുപുത്രനായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ ആ ബന്ധം ദൃഢമായി. പാര്‍ട്ടി ചിഹ്നമായ രണ്ടിലകളില്‍ ഒന്ന് അമ്മയും മറ്റൊന്ന് ചിന്നമ്മയുമാണെന്നുവരെ അനുയായികള്‍ വിശേഷിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.