സത്യജിത് റായിയുടെ തറവാട് പൊളിച്ചുനീക്കാനൊരുങ്ങുന്നു, കേന്ദ്രസർക്കാർ ഇടപെടണമെന്ന് മമത ബാനർജി
text_fieldsപ്രശസ്ത ചലച്ചിത്ര സംവിധായകൻ സത്യജിത് റായ്‌യുടെ ധാക്കയിലെ തറവാട് വീട് പൊളിച്ചുനീക്കാനൊരുങ്ങുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും മമതാ ബാനര്‍ജി അഭ്യര്‍ഥിച്ചു.
ധാക്കയിലെ ഹൊരികിഷോര്‍ റായ് ചൗധരി റോഡിലാണ് നൂറ്റാണ്ട് പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്.റായ്‌യുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റായ് ചൗധരിയുടെതായിരുന്നു ഈ വീട്. വീട് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
'ഈ വാര്‍ത്ത അതീവ ദുഃഖകരമാണ്. ബംഗാളി സംസ്‌കാരത്തിന്റെ പ്രധാന വാഹകരാണ് റായ് കുടുംബം. ബംഗാളി നവോത്ഥാനത്തിന്റെ നെടുംതൂണാണ് ഉപേന്ദ്ര കിഷോര്‍. അതിനാല്‍, ഈ വീട് ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,' എക്‌സിലെ കുറിപ്പില്‍ മമത പറഞ്ഞു.
ഈ പൈതൃക ഭവനം സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോടും രാജ്യത്തെ എല്ലാ സുമനസുകളോടും അഭ്യർഥിക്കുന്നുവെന്നും മമത ബാനർജി എക്സിലെ കുറിപ്പിലൂടെ അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.