സവർക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: 1950ലെ ചിഹ്നങ്ങളും പേരുകളും ദുരുപയോഗം തടയല്‍ നിയമ പ്രകാരം ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കറുടെ പേര് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരന്റെ മൗലികാവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് റിട്ട് ഹരജി തള്ളിയത്.
സവർക്കറെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തെക്കുറിച്ചുള്ള ചരിത്രപരമായ വസ്തുതകൾ സ്ഥാപിക്കാനും തിരുത്താനും കോടതി അനുവദിക്കണമെന്ന് ഹരജിക്കാരനായ പങ്കജ് ഫഡ്നാവിസ് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ പരാമർശങ്ങൾ നടത്തുന്നതിലൂടെ മൗലിക കടമകൾ ലംഘിക്കുകയാണെന്നും ഹരജിക്കാരൻ വാദിച്ചു. വർഷങ്ങളായി സവർക്കറെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പൈതൃകത്തെക്കുറിച്ച് വ്യക്തമാക്കാൻ അനുവദിക്കണമെന്നും ഭരണഘടന പ്രകാരം ഈ ദൗത്യം ഏറ്റെടുക്കേണ്ടത് തന്റെ മൗലിക കടമയാണെന്നും ഹരജിക്കാരൻ വാദിച്ചു.
ഹരജിക്കാരന്റെ ഒരു മൗലികാവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. സവർക്കറെക്കുറിച്ച് പാഠ്യപദ്ധതിയിൽ എന്തെങ്കിലും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ കേന്ദ്ര സർക്കാറിന് അപേക്ഷ നൽകാനും ഹരജിക്കാരനോട് കോടതി നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.