ഗ്യാനേഷ് കുമാറിനെതിരായ ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ സമ്മതമില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ഹരജിയിൽ സുപ്രീംകോടതി ഇടപെടൽ. ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെ സി.ഇ.സി ചുമതലകളിൽനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെടുന്ന ഹരജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം കേൾക്കാൻ സമ്മതിച്ചത്.
മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഹരജി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമീഷന്റെ തീരുമാനങ്ങൾ സർവസമ്മതമായോ ഭൂരിപക്ഷാഭിപ്രായ പ്രകാരമോ ആയിരിക്കണം കൈക്കൊള്ളേണ്ടതെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ കമീഷന്റെ പ്രവർത്തനം ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണെന്നും ഒരു ബഹുഅംഗ ഭരണഘടനാ സമിതിയിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
സാമൂഹിക പ്രവർത്തകനായ രാകേഷ് കുമാർ സിങ് സമർപ്പിച്ച ഹരജിയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുള്ളത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, ഒഴിവാക്കൽ, മാറ്റങ്ങൾ വരുത്തൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ സി.ഇ.സിയുടെ നിലപാടുകളോട് മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും ഔദ്യോഗികമായി വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്ന 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ച് ഇലക്ഷൻ കമീഷൻ കൂട്ടായ തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്. അഭിപ്രായവ്യത്യാസമുണ്ടായാൽ ഭൂരിപക്ഷ നിലപാട് അംഗീകരിക്കണമെന്ന് 2023-ലെ ചീഫ് ഇലക്ഷൻ കമീഷണർ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.
ഹരജിയിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ഗ്യാനേഷ് കുമാറിനെ കമീഷന്റെ ചുമതലകളിൽനിന്ന് വിലക്കണമെന്നും, രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും ഐക്യകണ്ഠമായ തീരുമാനങ്ങളിലൂടെയായിരിക്കണം കമീഷന്റെ ദൈനംദിന കാര്യങ്ങൾ നടപ്പിലാക്കേണ്ടതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള എല്ലാ ഫയലുകളും വിളിപ്പിച്ചു പരിശോധിക്കണമെന്നും, പ്രാഥമികമായി ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലോ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചോ അന്വേഷണം നടത്തണമെന്നും ഹരജിക്കാരൻ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

