ആർത്തവകാലത്ത് നേരിടുന്ന അപമാനം: ഹരജിയുമായി സുപ്രീംകോടതി ബാർ അസോസിയേഷൻ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആർത്തവകാലത്ത് സ്ത്രീകളും പെൺകുട്ടികളും പലവിധത്തിൽ അപമാനിക്കപ്പെടുന്ന സംഭവങ്ങൾക്കെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) ഹരജി സമർപ്പിച്ചു. ഇക്കാര്യത്തിൽ പരമോന്നത കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
അടുത്തിടെ, ഹരിയാനയിലെ റോഹ്തക് മഹർഷി ദയാനന്ദ് സർവകലാശാലയിൽ ആർത്തവത്തിന്‍റേതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ ശുചീകരണ തൊഴിലാളിയോട് ആർത്തവമാണെന്ന് തെളിയിക്കാൻ ധരിച്ചിരിക്കുന്ന സാനിട്ടറി പാഡിന്‍റെ ഫോട്ടോ എടുത്ത് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും സമ്മർദം സഹിക്കാതെവന്നപ്പോൾ അവർക്ക് ഫോട്ടോയെടുത്ത് നൽകേണ്ടിവന്നതും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും സ്ത്രീകൾ നേരിടുന്ന ആർത്തവകാല ആക്ഷേപത്തിന്‍റെ പല സംഭവങ്ങളും ഹരജിയിൽ എടുത്തുപറയുന്നു. ഉത്തർപ്രദേശിൽ 2017ൽ ആർത്തവമാണെന്ന് തെളിയിക്കാൻ 70 വിദ്യാർഥിനികൾക്ക് തുണിയുരിയേണ്ടിവന്നു.
2020ൽ ഗുജറാത്തിലും 2025ൽ മഹാരാഷ്‍ട്രയിലും സമാന അനുഭവം നിരവധി വിദ്യാർഥിനികൾക്ക് ഉണ്ടായി. ഇത്തരം സമീപനങ്ങളും പരിശോധനകളും സ്ത്രീകളുടെ മാനം കെടുത്തുന്നതും നിയമവിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സും സ്വകാര്യതയും സംരക്ഷിക്കാൻ ദേശീയതലത്തിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. സ്വകാര്യതക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ വകുപ്പ് 21 ആധാരമാക്കിയാണ് എസ്.സി.ബി.എയുടെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

