Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗികാതിക്രമ ആരോപണം: മാധ്യമപ്രവർത്തകക്കും സിജെപി നേതാക്കൾക്കുമെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസെടുത്തു

text_fields
bookmark_border
ACP Vivek Bhagat
cancel
camera_alt

എ.സി.പി വിവേക് ഭഗത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും തെരഞ്ഞെടുപ്പ് കമീഷന്റെ എസ്ഐആർ നടപടികൾക്കുമെതിരെ ഡൽഹി ജന്ദർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിക്ക് പിന്നാലെ, മാധ്യമപ്രവർത്തകക്കെതിരെ പരാതിയുമായി ഡൽഹി പൊലീസ് എ.സി.പി വിവേക് ഭഗത്. തനിക്കെതിരെ ജാതി അധിക്ഷേപം നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ.സി.പി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

എഫ്ഐആറിൽ മാധ്യമപ്രവർത്തകക്ക് പുറമെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, രത്ന സിങ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.

ഒക്ടോബർ 3ന് ബൂട്ടാ സിങ് റൗണ്ട് എബൗട്ടിന് സമീപം ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിനിടെ മാധ്യമപ്രവർത്തക തന്റെ ജാതിയെക്കുറിച്ച് പരസ്യമായി അധിക്ഷേപിച്ചു. എ.സി.പി പദവിയിലുള്ള തന്റെ നിയമനത്തെപ്പോലും അവർ ചോദ്യം ചെയ്തെങ്കിലും, ഡ്യൂട്ടിയിലായിരുന്നതിനാൽ താൻ അത് അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.

ഉച്ചക്ക് മൂന്ന് മണിയോടെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ, എ.സി.പി തന്നോട് ലൈംഗികമായി അതിക്രമം കാണിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മാധ്യമപ്രവർത്തകയും സഹപ്രവർത്തകരും തന്നെ നിരന്തരം തടയുകയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. അന്ന് വൈകുന്നേരം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും, തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും 'ലൈംഗിക വേട്ടക്കാരൻ' (Sexual Predator) എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ഭഗത് ആരോപിക്കുന്നു.

തുടർന്ന് ഇതേ ആരോപണങ്ങൾ അടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളും റീലുകളും എക്സ് (X), ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രചരിപ്പിച്ചെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കുകയും സമൂഹത്തിൽ തന്റെ പദവിക്ക് കളങ്കമുണ്ടാക്കുകയും ചെയ്തുവെന്നും എ.സി.പി വ്യക്തമാക്കി.

മാധ്യമപ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. എ.സി.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി ആക്ട്, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭാരതീയ ന്യായ സംഹിതയിലെ മാനനഷ്ട വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മാധ്യമപ്രവർത്തകയുടെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, ഡാനിപ്സ് (DANIPS) കേഡറിൽപ്പെട്ട 12 ഉദ്യോഗസ്ഥർക്കൊപ്പം വിവേക് ഭഗതിനും അഡീഷണൽ ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് (ഡിസിപി) ആയി താൽക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ, ആരോപണം ഉന്നയിക്കപ്പെടുന്നതിന് മുമ്പ് തന്നെ ആരംഭിച്ച നടപടിയായിരുന്നു ഇതെന്നും, പരാതിയിൽ പൂർണ്ണമായ അന്വേഷണം പൂർത്തിയാകുന്നതുവരെ പദവി സ്വീകരിക്കുന്നില്ലെന്ന് വിവേക് ഭഗത് സ്വയം സന്നദ്ധനായി അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം താത്കാലികമായി മാറ്റിവെക്കുകയാണെന്നും ഡൽഹി സർക്കാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Delhi Police Register Case Against Journalist and CJP Leaders
Next Story