സെർച്ച് കമ്മിറ്റി; സർക്കാറും ഗവർണറും പേരുകൾ തയാറാക്കി
text_fieldsരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിക്കായി പത്ത് പേരുകൾ തയാറാക്കിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
സെർച്ച് കമ്മിറ്റിക്കായി ചാൻസലറായ ഗവർണറുടെ ഭാഗത്തുനിന്നുള്ള പട്ടികയും യു.ജി.സി പ്രതിനിധികളുടെ പേരുകളും തയാറാണെന്നും അവരുടെ സമ്മതം വാങ്ങാൻ സമയം നൽകണമെന്നും അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി ബോധിപ്പിച്ചു. ഇതേ തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
കേരളം തയാറാക്കിയ പേരുകൾ കൂടി അറ്റോർണി ജനറലിന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. കേരള സർക്കാറിന്റെയും ഗവർണറുടെയും പട്ടികയിൽ ഒരേ പേരുകൾ വന്നാൽ അവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തും. മറ്റാരെയൊക്കെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി തീരുമാനിക്കും.
ഗവർണറും കേരള സർക്കാറും തമ്മിൽ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിലുള്ള തർക്കം തീർക്കാൻ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിന് സ്വന്തം നിലക്ക് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കുമെന്ന് ബുധനാഴ്ചയാണ് സുപ്രീംകോടതി അറിയിച്ചത്.
ഓരോ സർവകലാശാലകൾക്കുമായി സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അഞ്ച് വീതം പേരുകള്‍ സമർപ്പിക്കാൻ കേരള സര്‍ക്കാറിനും ഗവര്‍ണർക്കും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശവും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.