‘ഇത് സിമ്പിൾ ഓപറേഷൻ...’; ബിഹാറിൽ രോഗിയുടെ മുറിവ് തുന്നിക്കെട്ടിയത് സെക്യൂരിറ്റി ഗാർഡ്, പ്രതിഷേധം
text_fieldsപട്ന: ബീഹാറിലെ സർക്കാർ ആശുപത്രിയിൽ രോഗിയുടെ മുറിവ് തുന്നിക്കെട്ടിയത് സെക്യൂരിറ്റി ഗാർഡ്. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബാഗഹ പട്ടണത്തിലാണ് സംഭവം. ഡോക്ടർമാരുടെ കുറവ് നികത്താൻ വേണ്ടിയായിരുന്നു സെക്യൂരിറ്റി ഗാർഡിന്റെ ചികിത്സ.
സെക്യൂരിറ്റി ഗാർഡ് രോഗിയെ പരിചരിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ ബിഹാറിലെ ആരോഗ്യമേഖലയിലെ അനാസ്ഥകളെ സംബന്ധിച്ച് വൻ ചർച്ചകളും ഉയർന്നു. ബാഗഹ സബ് ഡിവിഷണൽ ആശുപത്രിയിൽ മൈനർ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പരിക്കേറ്റ ഒരു രോഗിയുടെ മുറിവുകൾ ഒരു സെക്യൂരിറ്റി ഗാർഡ് തുന്നിച്ചേർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോയിൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയേറ്റർ വ്യക്തമായി കാണിക്കുന്നുണ്ട്. പരിശീലനം ലഭിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പകരം സെക്യൂരിറ്റി ഗാർഡ് രോഗിയുടെ മുറിവുകളിൽ തുന്നലിടുന്നത് വിഡിയോയിൽ ദൃശ്യമാണ്. നിയമമനുസരിച്ച് ഓപ്പറേഷൻ തിയേറ്ററിൽ പരിശീലനം ലഭിച്ച ഡോക്ടർമാർക്കും നഴ്സിങ് ജീവനക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.
ടെമ്പോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ രോഗികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവമെന്നാണ് വിവരം. ഡ്രൈവർക്കും മറ്റ് നിരവധി പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ചികിത്സക്കായി ബാഗഹ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ വസീം അക്തർ എന്നയാളും സുരേന്ദ്ര പാസി എന്നയാളുമാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് തങ്ങളുടെ മുറിവുകൾ തുന്നിച്ചേർത്തതെന്ന് അറിയിച്ചത്.
ആ സമയത്ത് ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ജീവനക്കാരുടെ കുറവ് കാരണം ഗാർഡ് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നും ഇവർ പറയുന്നു. സംഭവം ഗുരുതരമായ അശ്രദ്ധയാണെന്നും പരിശീലനം ലഭിക്കാത്ത ഒരാളുടെ ചികിത്സ ജീവൻവരെ നഷ്ടപ്പെടുത്തുമായിരുന്നുവെന്നും പരിക്കേറ്റവർ പ്രതികരിച്ചു.
അതേസമയം ബിഹാറിലെ സർക്കാർ ആശുപത്രികളിൽ ദീർഘകാലമായി ജീവനക്കാരുടെ കുറവ് നിലനിൽക്കുണ്ടെന്നതാണ് ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചത്. ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റുമാരുടെയും ഡ്രെസ്സർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ആശുപത്രി പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കേണ്ടിവരികയാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അശോക് കുമാർ തിവാരി പറഞ്ഞു. സംഭവ ദിവസം ഗുരുതരമായി പരിക്കേറ്റ അര ഡസനോളം രോഗികൾ ഒരേ സമയം ആശുപത്രിയിൽ എത്തിയിരുന്നുവെന്നും ഒരു രോഗിക്ക് അമിതമായി രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ഡോക്ടറുടെ മേൽനോട്ടത്തിൽ സുരക്ഷാ ജീവനക്കാരന്റെ സഹായം സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

