മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ സിങ്ങും മാതാവും കൊല്ലപ്പെട്ടു
text_fieldsചണ്ഡിഗഡ്: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ സിങ്ങിനെയും മാതാവിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്തിയത്. ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. 60കാരനായ സിങ്ങിന്‍റെ കഴുത്ത് മുറിഞ്ഞ നിലയിലും 92 വയസായ മാതാവ് ഗുർചരൺ കൗറിനെ ശ്വാസം മുട്ടിച്ചുമാണ് അക്രമികൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഡി.ജി.പി സുരേഷ് അറോറ നിർദേശം നൽകി. ഇതിനിടെ, കെ.ജെ സിങ്ങിന്‍റെ പച്ച നിറത്തിലുള്ള ഫോർഡ് ഐക്കൺ കാർ കാണാതിയിട്ടുണ്ട്. അക്രമികളെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി കുൽദീപ് സിങ് ചഹൽ പറഞ്ഞു.
ഇരട്ട കൊലപാതകത്തെ അപലപിച്ച ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് മറ്റൊരു മുതിർന്ന മാധ്യമപ്രവർത്തകൾ കൂടി കൊല്ലപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.