ശരീഅ കോടതിക്കും ഖാദിയുടെ കോടതിക്കും നിയമപരമായ അംഗീകാരമില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശരീഅ കോടതിക്കും ഖാദിയുടെ കോടതിക്കും നിയമപരമായ അംഗീകാരമില്ലെന്ന് സുപ്രീംകോടതി. ഖാദി കോടതി, ദാറുൽ ഖാജ കോടതി, ശരീഅ കോടതി എന്നിങ്ങനെ ഏതുപേരുകളിൽ അറിയപ്പെട്ടാലും ഇത്തരം സംവിധാനങ്ങൾ നിയമപരമല്ലാത്തതുകൊണ്ടുതന്നെ ഇവ നൽകുന്ന നിർദേശങ്ങൾക്ക് നിയമസാധുതയില്ലെന്നും ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ശരീഅ കോടതികൾക്കും ഫത്വകൾക്കും നിയമപരമായ അംഗീകാരമില്ലെന്ന 2014ലെ സുപ്രീംകോടതി വിധിയും ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട തർക്കത്തിന് കാരണക്കാരി താനാണെന്ന കാരണത്താൽ ജീവനാംശം നൽകേണ്ടതില്ലെന്ന കുടുംബ കോടതിയുടെ തീരുമാനം ശരിവെച്ച അലഹബാദ് ഹൈകോടതി വിധി ചോദ്യംചെയ്ത് യുവതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ബെഞ്ച്. കുടുംബ കോടതിയിൽ ജീവനാംശ ഹരജി സമർപ്പിച്ച തീയതി മുതൽ യുവതിക്ക് പ്രതിമാസം 4000 രൂപ ജീവനാംശം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു.
2002ലാണ് ഹരജിക്കാരിയായ യുവതിയും ഭർത്താവും ഇസ്ലാമിക നിയമപ്രകാരം വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 2005ൽ ഭോപാലിലെ ഖാദി കോടതിയിൽ ഭർത്താവ് വിവാഹമോചന ഹരജി നൽകി. പിന്നാലെ, ഇവർ തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഇത് തള്ളി. 2008ൽ ഭർത്താവ് വീണ്ടും വിവാഹമോചനമാവശ്യപ്പെട്ട് ഖാജ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേവർഷം ഭാര്യ ജീവനാംശം തേടി കുടുംബകോടതിയെയും സമീപിച്ചു. തുടർന്ന്, 2009ൽ ദാറുൽ ഖാജ കോടതി വിവാഹമോചനം അനുവദിച്ചു.എന്നാൽ, ഭർത്താവ് ഭാര്യയെ മനഃപൂർവം ഉപേക്ഷിച്ചിട്ടില്ലെന്നും രണ്ടാം വിവാഹമായതിനാല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ സാധുതയില്ലെന്നുമായിരുന്നു കുടുംബ കോടതി വ്യക്തമാക്കിയത്. യുവതിയുടെ സ്വഭാവദൂഷ്യവും പെരുമാറ്റവുമാണ് തർക്കത്തിലേക്കും തുടർന്ന് വിവാഹമോചനത്തിലേക്കും നയിച്ചതെന്നും കോടതി വിലയിരുത്തി. എന്നാൽ, കുടുംബകോടതി നിരീക്ഷണം അനുമാനങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ക്രൂരത കാട്ടിയതായി യുവതിയുടെ പരാതിയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.