ഷിബു സോറൻ: ഗോത്രസമൂഹത്തിന്റെ പോരാട്ട ശബ്ദം
text_fieldsജെ.എം.എം സ്ഥാപക നേതാവ് ഷിബു സോറന്റെ മൃതദേഹം ഡൽഹിയിലെ ആശുപത്രിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
റാഞ്ചി: ഗുരുജി എന്ന് അനുയായികൾ സ്നേഹത്തോടെ വിളിക്കുന്ന ഷിബു സോറൻ ഝാർഖണ്ഡിലെ ആദിവാസി സമൂഹത്തിെന്റ അവകാശങ്ങൾക്കുവേണ്ടി പോരാടിയാണ് ദേശീയ ശ്രദ്ധയിലേക്കുയർന്നത്. ദുരന്തങ്ങൾ താണ്ടിയ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിേന്റത്. 15ാം വയസ്സിൽ വട്ടിപ്പലിശക്കാർ പിതാവിനെ കൊലപ്പെടുത്തിയതാണ് അദ്ദേഹത്തിെന്റയുള്ളിലെ പ്രക്ഷോഭകാരിയെ പരുവപ്പെടുത്തിയത്.
1973ൽ ബംഗാളി മാർക്സിസ്റ്റ് ട്രേഡ് യൂനിയൻ നേതാവായ എ.കെ. റോയ്, കുർമി-മഹ്തോ നേതാവ് ബിനോദ് ബിഹാരി മഹ്തോ എന്നിവർക്കൊപ്പം ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സ്ഥാപിച്ചു. ബിഹാഹിെന്റ തെക്കൻ മേഖലയിലെ ഗോത്ര വിഭാഗങ്ങൾക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിെന്റ കരുത്തുറ്റ ശബ്ദമായി ജെ.എം.എം മാറി. ചോട്ടാനാഗ്പൂർ, സന്താൽ പർഗാന മേഖലകളിൽ പാർട്ടിക്ക് പിന്തുണ ലഭിച്ചു. ജന്മിമാരുടെ ചൂഷണത്തിനെതിരായ പോരാട്ടം സോറനെ ഗോത്ര വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയാക്കി മാറ്റി. 2000 നവംബർ 15ന് ഝാർഖണ്ഡ് രൂപവത്കരണത്തോടെ അദ്ദേഹത്തിെന്റ ലക്ഷ്യം സഫലമായി.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങുന്നതായിരുന്നില്ല സോറെന്റ രാഷ്ട്രീയ സ്വാധീനം. ധൂംക മണ്ഡലത്തിൽനിന്ന് എട്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014-19 കാലയളവിലാണ് ഒടുവിൽ എം.പി സ്ഥാനം അലങ്കരിച്ചത്. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായി രാഷ്ര്ടീയത്തിൽ തിളങ്ങിയ അദ്ദേഹത്തിന് എല്ലാ തവണയും കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ രാജിവെക്കേണ്ടി വരികയും ചെയ്തു. 2005 മാർച്ചിൽ 10 ദിവസവും 2008 ആഗസ്റ്റ് 27 മുതൽ 2009 ജനുവരി 12 വരെയും 2009 ഡിസംബർ 30 മുതൽ 2010 മേയ് 31 വരെയുമാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഓരോ തവണയും അദ്ദേഹത്തിന് തിരിച്ചടിയായത്.
യു.പി.എ സർക്കാറിലെ പ്രമുഖനെന്ന നിലയിൽ, 2004 മേയ് 23 മുതൽ ജൂലൈ 24 വരെയും 2004 നവംബർ 27 മുതൽ 2005 മാർച്ച് രണ്ടു വരെയും 2006 ജനുവരി 29 മുതൽ നവംബർ വരെയും കേന്ദ്ര കൽക്കരി മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കേസുകളുടെ നൂലാമാലകളാണ് കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നതിന് അദ്ദേഹത്തിന് തടസ്സമായത്. 1975ലെ ചിരുദി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് 2004 ജൂലൈയിൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 11 പേരുടെ കൊലപാതകത്തിലെ പ്രധാന പ്രതിയായിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് അദ്ദേഹം കുറച്ചുകാലം ഒളിവിൽ പോയി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം, 2004 സെപ്റ്റംബറിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും നവംബറിൽ കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും അംഗമാകുകയും ചെയ്തു. 2008 മാർച്ചിൽ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി. എന്നാൽ, നിയമ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. തന്റെ മുൻ പേഴ്സനൽ സെക്രട്ടറിയായിരുന്ന ശശിനാഥ് ഝയെ 1994ൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2006 നവംബർ 28ന് സോറനും മറ്റുള്ളവരും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
1993ൽ നരസിംഹറാവു സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിനിടെ, കോൺഗ്രസും ജെ.എം.എമ്മും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് റാഞ്ചിയിൽ വെച്ച് ഝയെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ ആരോപിച്ചു. ശിക്ഷക്കെതിരെ സോറൻ അപ്പീൽ നൽകി. 2018 ഏപ്രിലിൽ സുപ്രീംകോടതി സോറനെ കേസിൽ നിന്ന് കുറ്റമുക്തനാക്കിയ വിധി ശരിവെച്ചു. നാല് പതിറ്റാണ്ടുകാലം സംസ്ഥാന, ദേശീയ രാഷ്ടീയരംഗത്ത് നിറഞ്ഞുനിന്നശേഷമാണ് ഷിബു സോറൻ വിടവാങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.